സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങള്‍ – പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സ്വച്ഛഭാരത് യാഥാര്‍ഥ്യമാക്കേണ്ടത് ജനങ്ങളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.  ഇന്ന് സാധാരണ ജനങ്ങളുടെ പ്രസ്ഥാനമാണ്  ‘സ്വച്ഛ്ഭാരത്’ എന്നും  ഏതെങ്കിലും പ്രത്യേക സംഘടനയുടെയോ നേതാക്കളുടെയോ ഉദ്യോഗസ്ഥരുടെതോ അല്ലെന്നും മോദി വ്യക്തമാക്കി. ഗാന്ധിജയന്തി ദിനത്തില്‍ സ്വച്ഛ്ഭാരത് പദ്ധതിയുടെ മൂന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആയിരം മഹാത്മാഗാന്ധിമാരോ ലക്ഷം നരേന്ദ്രമോദിമാരോ ശുചിത്വ ഭാരതം എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ ഉണ്ടായിട്ടു കാര്യമില്ല. 125 കോടി ഇന്ത്യക്കാര്‍ ഒരുമിച്ചു നിന്ന് പരിശ്രമിച്ചാണ് ഇത് യാഥാര്‍ഥ്യമാക്കേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ശുചിത്വത്തെക്കുറിച്ചുള്ള മനോഭാവമാണ് ആദ്യം മാറേണ്ടതെന്നും മോദി വ്യക്തമാക്കി.  സ്വച്ഛ്ഭാരത് പദ്ധതിയ്ക്ക് ശുചിത്വത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയിലെത്തുന്നതിന് ജനങ്ങള്‍ക്കിടയില്‍ ഒരു മത്സരംതന്നെ ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട്. ജനങ്ങളുടെ പരിശ്രമവും സമര്‍പ്പണവും ചേര്‍ന്നാണ് ഇത് ഇത്രയും വലിയൊരു മുന്നേറ്റമായി മാറിയതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Share
Leave a Comment