കൊച്ചി: സംസ്ഥാനത്ത് രണ്ടു ജില്ലകളിൽ നിന്നു റിപ്പോർട്ട് ചെയ്ത കോളറ രോഗാണുക്കൾ കരീബിയൻ രാജ്യമായ ഹെയ്ത്തിയിൽ പൊട്ടിപ്പുറപ്പെട്ട പകർച്ചവ്യാധിക്കു കാരണമായ ‘ഹെയ്ത്തിയൻ വേരിയന്റ് ആണെന്നു തിരുവനന്തപുരം രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയിലെ ഗവേഷണത്തിൽ കണ്ടെത്തി. ഇവ ആന്റിബയോട്ടിക്ക് പ്രതിരോധശേഷി ആർജിച്ചു കഴിഞ്ഞെന്നും പഠനത്തിൽ കണ്ടെത്തി.
ജലജന്യ രോഗങ്ങളിൽ മനുഷ്യന് ഏറ്റവും ഭീഷണി ഉയർത്തുന്നതാണ് കോളറ. ഇത് പ്രതിരോധിക്കാൻ വേണ്ട മുൻകരുതലുകളെടുത്തില്ലെങ്കിൽ പ്രത്യാഘാതം ഗുരുതരമാണ്. കോഴിക്കോട്, പത്തനംതിട്ട ജില്ലകളിൽ ഇതര സംസ്ഥാന തൊഴിലാളികളിലാണ് ഏറെ നാളുകൾക്കു ശേഷം കോളറ കണ്ടെത്തിയത്. തീരദേശങ്ങളിൽ നിന്നു റിപ്പോർട്ട് ചെയ്തിരുന്ന രോഗം ഇപ്പോൾ മറ്റു ജില്ലകളിലേക്കും വ്യാപിച്ചു തുടങ്ങി. വിബ്രിയോ കോളറ എന്ന സൂക്ഷ്മാണു വഴിയുണ്ടാകുന്ന കോളറ ഇപ്പോൾ ഏറെ ജനിതക മാറ്റം സംഭവിച്ചതായി ഗവേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
കോളറ രോഗാണുക്കൾ ശരീരത്തിലെത്തി ഏതാനും മണിക്കൂറുകൾ മുതൽ നാല്് അഞ്ച്് ദിവസത്തിനുള്ളിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. കഠിനമായ അതിസാരവും തളർച്ചയും ഒപ്പം ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ. മാലിന്യ സംസ്കരണത്തിലും ശുദ്ധജല ലഭ്യതയിലും ശ്രദ്ധിച്ചില്ലെങ്കിൽ കേരളം വലിയ ഭീഷണി നേരിടുമെന്നും വിദഗ്ധർ മുന്നറിയിപ്പു നൽകുന്നു.
Leave a Comment