പാലക്കാട് : കൊഴിഞ്ഞാമ്പാറയില്‍ മദ്യം കഴിച്ച് അബോധാവസ്ഥയിലായ ഒരാള്‍ മരിച്ചു. മൂന്നു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ചാംമൈല്‍ വിവേകാനന്ദ നഗര്‍ സ്വദേശി പി. കാര്‍ത്തികേയനാണ് മരിച്ചത്. കൊഴിഞ്ഞാമ്പാറ പെരുമ്പാറച്ചുള്ള കളിയപ്പന്റെ മകന്‍ ആനന്ദ്, മണിമുത്തു നഗര്‍ മുത്തു സ്വാമിയുടെ മകന്‍ ജഗജീഷ്, ഗോപാലപുരം താവളം അറുമുഖന്റെ മകന്‍ മുരുകന്‍ എന്നിവരാണ് ചികിത്സയിലുളളത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെ മേനോന്‍ പാറയിലെ വിദേശ മദ്യ ശാലയില്‍ നിന്ന് അര ലിറ്റര്‍ മദ്യം വാങ്ങിയതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
മറ്റൊരു സുഹൃത്താണ് മദ്യം എത്തിച്ചതെന്നാണ് ഇവരിലൊരാളുടെ മൊഴി. അത്യാഹിത വിഭാഗത്തിലുള്ള ഇവരുടെ മൊഴി പൂര്‍ണമായി ലഭിച്ചിട്ടില്ല. അന്വേഷണത്തിനു ശേഷം മാത്രമെ നിഗമനത്തിലെത്താന്‍ കഴിയുകയുള്ളൂ വെന്നാണ് പോലീസ് പറയുന്നത്. വീര്യം കൂട്ടുന്നതിനായി മദ്യത്തില്‍ തിന്നര്‍ കലര്‍ത്തിയതായും ഇവരുടെ മൊഴിയില്‍ പറയുന്നു. ഇതാണ് മരണത്തിനു കാരണമെന്നാണ് സൂചന.
ആനന്ദിന്റെ വീട്ടില്‍ വച്ചായിരുന്നു ഇവര്‍ മദ്യപിച്ചത്. കുറച്ച് മദ്യം കുപ്പിയില്‍ ബാക്കി വച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ ആനന്ദിന്റെ വീട്ടില്‍ സുഹൃത്തുക്കളെത്തി ബാക്കിയുണ്ടായിരുന്ന മദ്യം കുടിക്കുകയായിരുന്നു. ഈ സമയം ആനന്ദ് എണീറ്റിട്ടുണ്ടായിരുന്നില്ല. എന്നാല്‍ മദ്യം കഴിച്ചവര്‍ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായപ്പോഴാണ് ആനന്ദ് അബോധാവസ്ഥയിലാണെന്ന് മനസിലായത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
Leave a Comment