പുറ്റിങ്ങല്‍ അപകടം: മാതാ അമൃതാനന്ദ മയീ മഠം സഹായധനം പ്രഖ്യാപിച്ചു

കൊല്ലം: പറവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്ന വെടിക്കെട്ടപകടത്തില്‍ മരണമടഞ്ഞവര്‍ക്കും പരുക്കേറ്റവര്‍ക്കും മാതാ അമൃതാനന്ദ മയീ മഠം സഹായധനം പ്രഖ്യാപിച്ചു.

അപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബാംഗങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതവും പരുക്കേറ്റവര്‍ക്ക് 50,000 രൂപ വീതവുമാണ് അമൃതാനന്ദമയീ മഠം പ്രഖ്യാപിച്ചിട്ടുള്ളത്. പരുക്കേറ്റ എല്ലാവര്‍ക്കും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ സൗജന്യ ചികിത്സ നല്‍കും. അപകടത്തിനിരയായവരില്‍ സ്വന്തമായി വീടില്ലാത്ത എല്ലാവര്‍ക്കും വീട് നിര്‍മിച്ച് നല്‍കുമെന്നും മഠം അറിയിച്ചിട്ടുണ്ട്.

നിരപരാധികളായ നൂറുകണക്കിന് ആള്‍ക്കാരുടെ മരണത്തില്‍ അമ്മ നടുക്കവും ദു:ഖവും രേഖപ്പെടുത്തി. ദുരന്തത്തിനിരയായവരെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലെന്നും മരണമടഞ്ഞവര്‍ക്കായി പ്രാര്‍ഥിക്കുന്നുവെന്നും അമ്മ പറഞ്ഞു.

എല്ലാ വര്‍ഷവും ഇത്തരം വെടിക്കെട്ട് ദുരന്തങ്ങള്‍ കേള്‍ക്കുന്നു, എന്നിട്ടും നടപടി ഉണ്ടാകുന്നില്ല. ക്ഷേത്രങ്ങളുടെ ഉത്സവങ്ങളുമായും മറ്റും ബന്ധപ്പെട്ട് നടക്കുന്ന വെടിക്കെട്ടുകള്‍ പൂര്‍ണമായും നിരോധിക്കുകയോ കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയോ വേണമെന്ന് അമ്മ ആവശ്യപ്പെട്ടു.

മാതാ അമൃതാനന്ദ മയിയുടെ നിര്‍ദേശ പ്രകാരം അമൃത ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാരുടെയും പാരാമെഡിക്കല്‍ സ്റ്റാഫും എല്ലാ സജ്ജീകരണങ്ങളോടെയുമുള്ള മൂന്ന് ആംബുലന്‍സുകളും സംഭവ സ്ഥലത്ത് എത്തിയിരുന്നു. മാതാ അമൃതാനന്ദ മയീ മഠത്തില്‍ നിന്ന് കേവലം 45 കിലോമീറ്റര്‍ മാത്രം അകലെയാണ് അപകടം നടന്ന ക്ഷേത്രം.

Share
Leave a Comment