GeneralLatest NewsMollywoodNEWSWOODs

ശബ്ദ സാമ്രാജ്യത്തിലെ സുൽത്താൻ… റസൂൽ പൂക്കുട്ടി

"സാവരിയ "പരിപൂർണ്ണമായി ഇൻഡോർ ഷൂട്ട്‌ ആയിരുന്നു

നമുക്ക് പരിചിതമായ പല ശബ്ദങ്ങൾ ഉണ്ട്‌. ആനയുടെ ,സിംഹത്തിന്റെ ,ഹയനയുടെ അല്ലെങ്കിൽ നമ്മുക്ക് പരിചിതമായ ഏതെങ്കിലും ചിലതിന്റെ ,രൂപം കാണിച്ചു കൊണ്ട് മറ്റൊരു ശബ്ദം കേൾപ്പിച്ചാൽ അത് നമ്മുക്ക് ഒരിക്കലും ദഹിക്കില്ല…കാരണം നമ്മുക്ക് അവയുടെ ശബ്ദം അറിയാം.

പക്ഷെ ദിനോസറുകളുടെ ശബ്ദം ? അത് നമ്മൾ കേട്ടിട്ടില്ല ,എങ്കിലും ജുറാസിക് പാർക്ക് ബ്രഹ്മാണ്ഡ വിജയം നേടിയിരുന്നു.

കാരണം എന്താണ്?

ജുറാസ്സിക്‌ പാർക്കിൽ ദിനോസറുകളുടെ രൂപം പോലെ ശബ്ദവും അതിന്റെ വ്യക്തിത്വമായി സിനിമ ആസ്വാദകരിൽ തോന്നുംവിധം വിശ്വസനീയമായിരുന്നു, അല്ലാത്ത പക്ഷം സിനിമയുടെ വിജയം സംശയകരമാണ്.

സൗണ്ട് എഞ്ചിനിയറായ ഗാരി റെഡ് സ്റ്റോമും സംഘവും അത്രേം ഗംഭീരമായി പണി എടുത്തതിന്റെ ഫലമാണ് അവിടെ വിജയം കണ്ടത്. അവർ അനേകം മൃഗങ്ങളുടെ (സസ്തനികൾ-mammals) ശബ്ദങ്ങൾ പല ലെയറുകളായി റെക്കോർഡ് ചെയ്ത് ,പിന്നീട്‌ അത് പല അനുപാതങ്ങളിൽ ചേർത്ത് കൊണ്ട് വിവിധ ദിനോസറുകളുടെ ശബ്ദം സൃഷ്ടിച്ചു.

read also: സര്‍ജറി, മാസങ്ങളോളം ബെഡ്‌ റെസ്റ്റ്, ഇപ്പോൾ ഫിസിയോതെറാപ്പി നടക്കുന്നു: അപകടത്തെക്കുറിച്ചു ആസിഫ് അലി

സ്റ്റാൻ വിൻസ്റ്റൺ സൃഷ്ടിച്ച അനിമാട്രോണിക്സ് ദിനോസറുകളുടെ രൂപങ്ങളോട് നീതി പുലർത്തുന്ന ശബ്ദങ്ങൾ ഗാരി സൃഷ്ടിച്ചപ്പോൾ കാഴ്ച്ച വിശ്വസനീയമായി.

കഥയുടെ ആവശ്യകതയും സംവിധായകന്റെ നിർദ്ദേശങ്ങളും സാഹചര്യത്തിന്റെ വിശ്വസനീയതയും മനസ്സിലാക്കി ശബ്ദം സൃഷ്ടിച്ചു കൊടുക്കുന്ന ശിൽപ്പിയാണ് “സൗണ്ട് എഞ്ചിനിയർ” (മറ്റ് പല കാര്യങ്ങളും ഉണ്ട് ,മിക്സിങ്ങ് , മാസ്റ്ററിംഗ് …)

എന്നാൽ നമ്മുക്ക് ഇത്രേം ഒന്നും വിശദീകരിക്കാതെ തന്നെ ഒരു പേര് കേൾക്കുമ്പോൾ കാര്യം പിടികിട്ടും ,നമ്മുടെ സ്വന്തം “റസൂൽ പൂക്കുട്ടി “.. അദ്ദേഹം “സ്ല്ലം ഡോഗ് മില്ലിനെയർ” നു ഓസ്കാർ നേടിയപ്പോൾ മുതൽ ആണ് ,സിനിമയുടെ വിജയങ്ങൾക്ക് പിന്നിൽ അനേകം ശബ്ദസാങ്കേതിക വിദഗ്ദ്ധരുടെ അധ്വാനം ഉണ്ടെന്ന് പലരും മനസ്സിലാക്കുന്നത്. പശ്ചാത്തല സംഗീതം പോലും പരിപൂർണ്ണതയിൽ എത്തണമെങ്കിൽ ശബ്ദലേഖനവും ,മിശ്രണവും ,ശബ്ദസംയോജനവും നന്നാവേണ്ടതുണ്ട്.ഇതിൽ ശബ്ദ സംയോജനം / സമന്വയ ശബ്ദം (sync sound) ആണ് ഏറെ ക്ലേശകരം.ഒരു ഷൂട്ട്‌ നടക്കുമ്പോൾ തന്നെ അഭിനേതാക്കളുടെ അഭിനയത്തിന്റെ ഒപ്പം ശബ്ദവും റെക്കോർഡ് ചെയ്യുന്ന രീതിയാണ് സിങ്ക് സൗണ്ട്. സ്റ്റാർട്ട് ആക്ഷൻ ക്യാമറ സൗണ്ട് എന്ന് പറയുമ്പോൾ ഒരു ഷൂട്ടിംഗ് സെറ്റിലെ എല്ലാവരും നിശബ്ദരായി ഇരുന്നെങ്കിലേ അത് ഫലപ്രാപ്തിയിൽ എത്തുകയുള്ളൂ.

നമ്മൾ കണ്ട,നമ്മൾക്കറിയാവുന്ന എത്രയോ സിനിമകൾ വിശ്വസനീയമായതിനു പിന്നിൽ
റസൂൽ പൂക്കുട്ടി എന്ന ശബ്ദ സാങ്കേതിക പ്രതിഭയുടെ കൈയൊപ്പുണ്ട്.
എന്തിരൻ ,രാ-വൺ ,2.0. പഴശ്ശി രാജ…ട്രാൻസ് തുടങ്ങി എത്രയോ സിനിമകൾ ,ഇപ്പോൾ ആടുജീവിതം ,പുഷ്പ 2 വരെ എത്തി നിൽക്കുന്നു.

വിളക്കുപാറയിൽ നിന്നും ഉയർന്നു വന്ന് ശബ്ദ സാമ്രാജ്യത്തിലെ നക്ഷത്രവിളക്കായി മാറിയത് അത്ര എളുപ്പമായിരുന്നില്ല. ചെറുതിലെ മുതൽ ഉള്ള തീവ്രമായ ആഗ്രഹവും,അതിലേക്കുള്ള വഴി തേടിയുള്ള അലച്ചിൽ ,തടസ്സങ്ങൾ അതിജീവനങ്ങൾ ,ഒടുവിൽ അതിന്റെ എല്ലാം ഫലമായി, ഓസ്കാറും പത്മശ്രീയും എല്ലാം ഈ പ്രതിഭയെ തേടിയെത്തി.

ബ്ലാക്ക്:
സഞ്ജയ്‌ ലീലാ ബൻസാലിയുടെ “ദേവദാസ്” ന്റെ ക്ലൈമാക്സിൽ ഉള്ള തീവണ്ടി രംഗം ചെയ്തുകൊണ്ട് തുടക്കം.അതിന്റെ സൗണ്ട് ഡിസൈൻ കണ്ടപ്പോൾ ,ബൻസാലി റസൂലിലെ പ്രതിഭതിരിച്ചറിഞ്ഞു. തുടർന്ന് സഞ്ജയ്‌ ലീലാ ബൻസാലിയുടെ “ബ്ലാക്ക്” റസൂൽ പൂക്കുട്ടിയുടെ ആദ്യ വാണിജ്യ സിനിമ ആയി. അതിന്റെ ചിത്രീകരണം നടക്കുമ്പോൾ ,ഒരു സൗണ്ട് എഞ്ചിനീയറുടെ അമിത ഇടപെടൽ അമിതാബച്ചനെ പോലും ദേഷ്യം പിടിപ്പിച്ചുവത്രേ. പടം ഇറങ്ങി ദേശീയ പുരസ്കാരം കിട്ടിയ ശേഷം ബച്ചൻ പോലും പറയുകയുണ്ടായി ” ശബ്ദ സംയോജനം /ശബ്ദലേഖനം എന്നത് ഒരു സിനിമക്ക് എത്ര മാത്രം പ്രാധാന്യം ഉണ്ട് എന്ന് ,ഇപ്പോൾ മനസ്സിലായി ..ഷൂട്ടിംഗ് സമയത്ത് സംവിധായക നെക്കാൾ അധികമായി റസൂലിന്റെ ഇടപെടൽ ഉണ്ടായപ്പോൾ എനിക്ക് ദേഷ്യം തോന്നിയിരുന്നു..എന്നാൽ സിനിമയുടെ പരിപൂർണ്ണത കണ്ടപ്പോൾ ,അത് ബഹുമാനമായി”
ശബ്ദങ്ങൾ പോലെ തന്നെ കൃത്യമായി നിശബ്ദത ഉപയോഗിക്കുന്ന റസൂലിന്റെ ഔചിത്യ ബോധവും പാടവവും,ബൻസാലിയെ അത്ഭുതപ്പെടുത്തി. തുടർന്ന് അദ്ദേഹത്തിന്റെ “സാവരിയ” തുടങ്ങി എത്രയോ ചിത്രങ്ങൾ അവർ ഒന്നിച്ചു പ്രവർത്തിച്ചു.

“സാവരിയ “പരിപൂർണ്ണമായി ഇൻഡോർ ഷൂട്ട്‌ ആയിരുന്നു,എന്നാൽ അതിലെ രംഗങ്ങൾ പുറത്തു ചിത്രീകരിച്ചത് പോലെ നമ്മളെ വിശ്വസിപ്പിക്കുക എന്നതായിരുന്നു ദൗത്യം. പകൽ രാത്രിയായി മാറുമ്പോൾ ഉള്ള ശബ്ദങ്ങൾ, കൊലുസ്സ് വെള്ളത്തിൽ വീഴുന്നതുമൊക്കെ ഉള്ള രംഗങ്ങളിൽ ഉള്ള ശബ്ദത്തിന്റെ സ്ഫടിക തുല്യമായ കൃത്യതയൊക്കെ സംവിധായകനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു.ഇതൊക്കെ റസൂൽ പൂക്കുട്ടിയെന്ന സാങ്കേതിക പ്രതിഭയുടെ ദിക്ക് വിജയത്തിന്റെ തുടക്കമായിരുന്നു.

തുടർന്ന് വെല്ലുവിളികൾ ഏറെ ആവശ്യമുള്ള കഥാപശ്ചാത്തലങ്ങൾ അദ്ദേഹത്തെ തേടി എത്തുകയായിരുന്നു.അവയിൽ പ്രധാനപെട്ടവയുടെ കാര്യങ്ങൾ ആണ് ചുവടെ.

സ്ലം ഡോഗ് മില്യനെയെർ:
റസൂൽ ചെയ്തിട്ടുള്ള സിനിമകൾ കണ്ട് ഒരു ദിവസം യാദൃശ്ചികമായി ഹോളിവുഡ് സംവിധായകൻ ഡാനി ബോയിലിന്റെ ഫോൺ കോൾ.അങ്ങനെ എ ആർ റഹ്മാന്റെ ഒപ്പം റസൂൽ പൂക്കുട്ടിയും ചേർന്നത്തോടെ സിനിമയുടെ ശബ്ദ -സംഗീത വിഭാഗം പ്രതിഭാസമ്പന്നമായി,ഡാനി ഉദ്ദേശിച്ച ഫലവും കിട്ടി..അങ്ങനെ ഓസ്കാറിലേക്ക് ..തുടർന്നു ഓസ്കാർ വേട്ടയും…ഇതിൽ മുംബൈയുടെ ശബ്ദം ആവാഹിക്കുക എന്ന ദൗത്യത്തിൽ റസൂൽ വിജയം നേടി..കിട്ടിയ ജോലിയുടെ പരിപൂർണ്ണതക്കു വേണ്ടി സ്വന്തമായി തോന്നിയ ആശയങ്ങൾ ഉപയോഗിച്ചുകൊണ്ട് അദ്ദേഹം പ്രവർത്തിച്ചു.

അങ്ങനെ തെരുവുകളിൽ അങ്ങും ഇങ്ങും നിരവധി മൈക്രോ ഫോണുകൾ പിടിപ്പിച്ചുകൊണ്ടും, മൾട്ടി ട്രാക്കിങ് സംവിധാനം ഉപയോഗിച്ചു കൊണ്ടും മുംബൈയുടെ ആത്മാവിന്റെ അംശം റസൂൽ സ്ലം ഡോഗ് മില്യനെയറിനു നൽകി..ഒടുവിൽ കൈയ്യിലേക്കു ഓസ്കാർ അവാർഡും വന്നു ചേർന്നു.

പഴശ്ശിരാജ:
ഓസ്കാർ കിട്ടിയ ശേഷം, ഹരിഹരന്റെ മമ്മൂട്ടി ചിത്രം “കേരള വർമ്മ പഴശ്ശി രാജ” യിലേക്ക് റസൂൽ പൂക്കുട്ടിയുടെ വരവ് തരംഗം സൃഷ്ടിച്ചിരുന്നു . ഒ.എൻ.വി.യുടെ വരികളും ഇസൈ ജ്ഞാനിയുടെ സംഗീതവും കൂടെ ചേർന്നപ്പോൾ ചിത്രത്തിനു വലിയ ഹൈപ്പ് കിട്ടി.യുദ്ധരംഗങ്ങളിൽ ഉള്ള വാൾ പരിച ,ഉറുമി ,കുതിരകുളമ്പടിസൃഷ്ടിച്ചി പഴശ്ശി
ഒളിവിൽ പോകുമ്പോൾ ഉള്ള കാട്ടിലെ രംഗങ്ങളിൽ ഉള്ള തനത് കാടിൻ ശബ്ദങ്ങൾ..മഴ ചാറ്റൽ…ഇവയെല്ലാം നമ്മുക്ക് അനുഭവമായി മാറിയത് ,അദ്ദേഹത്തിന്റെ പരിപൂർണ്ണത്ക്ക് വേണ്ടിയുള്ള ആഗ്രഹത്തിന്റെ ഫലമാണ്.

‘കൊച്ചടയാൻ’

പുതിയൊരു ഫോർമാറ്റിൽ ചിത്രീകരിച്ചു കഥ പറഞ്ഞ സൗന്ദര്യ രജനികാന്തിന്റെ ”കൊച്ചടയാൻ’ ഒരുപാട് വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. മോഷൻ ക്യാപ്ചർ സാങ്കേതിക വിദ്യ ഉപയോഗിച്ചു ചെയ്ത ഇന്ത്യയിലെ ആദ്യ സിനിമയായ ഇതിൽ, യഥാർത്ഥ അഭിനേതാക്കളെ ഉപയോഗിച്ച് ആയിരുന്നില്ല ചിത്രീകരണം.താരങ്ങളുടെ ചലനങ്ങളും ,ഭാവങ്ങളും മാത്രം ചിത്രീകരിച്ചിട്ട് തുടർന്ന് അനിമേറ്റ് ചെയ്ത് കൊണ്ട് സിനിമ നിർമ്മിക്കുന്ന രീതിയാണ് ഇത്. യുദ്ധവും ,പ്രകൃതി ക്ഷോഭവും എല്ലാം നിറഞ്ഞ പശ്ചാത്തലങ്ങൾ ഉള്ള ചിത്രത്തിൽ കാഴ്ചക്കാരെ പിടിച്ചിരുത്താൻ കേവലം സംഗീതം കൊണ്ട് മാത്രം സാധ്യമായിരുന്നില്ല.
എ ആർ റഹ്മാന്റെ സംഗീതം ഉണ്ടായിരുന്നു എങ്കിലും ഇതിലെ രംഗങ്ങൾ വിശ്വസനീയമാക്കി മാറ്റിയത് റസൂലിന്റെ നേതൃത്വത്തിൽ ഉള്ള സംഘം നടത്തിയ അധ്വാനമാണ്.ഇതിൽ യുദ്ധത്തിന്റെ അവസ്‌ഥയും ഭീകരതയും സൃഷ്ടിക്കുവാൻ നൂറിലധികം
ആളുകളുടെ ശബ്ദങ്ങൾ ആലേഖനം ചെയ്തു.അതിന്റെ പരിപൂർണ്ണതക്ക് വേണ്ടി ഇന്ത്യൻ സിനിമയിൽ ആദ്യമായി 11.1 മൈക്രോഫോൺ ഉപയോഗിച്ചു എന്ന പ്രത്യേകതയും ഉണ്ട്.യുദ്ധ രംഗങ്ങളിൽ ഉള്ള
മൃഗങ്ങളുടെ ശബ്ദം ,നിരവധി മൃഗശബ്ദങ്ങൾ
മോർഫ് ചെയ്ത് കൊണ്ട് സൃഷ്ടിച്ചവയാണ്.സിനിമ വിജയമായില്ല എങ്കിലും ഇതിന്റെ ശബ്ദവിഭാഗത്തിന്റെ പ്രസക്തി നിഷ്പ്രഭമാക്കാൻ അത്ര എളുപ്പം
ആർക്കും സാധിക്കാത്ത നിലവാരത്തിൽ ആണ്..മാത്രമല്ല മോഷൻ ക്യാപ്ചർ സിനിമകൾ ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു റഫറൻസ് കൂടെയാണ് ഈ ചിത്രം.

യെന്തിരൻ/2.O
സംവിധായകൻ ശങ്കറിന്റെ സയൻട്ടിഫിക്ക് ഫിക്ഷൻ ഴോണറിൽ ഉള്ള രജനികാന്ത് ചിത്രം “യെന്തിരൻ” ശ്രദ്ധേയമായ പ്രൊജക്റ്റ്‌ ആയിരുന്നു. റോബോട്ടിക് ലോകം പ്രമേയമായ ചിത്രത്തിൽ റോബോട്ടിക് സൗണ്ട്സ് മാത്രമല്ല
ചെന്നൈ നഗരത്തിന്റെയും ,ചേരികളുടെയും ശബ്ദങ്ങളും വേണ്ടിയിരുന്നു.അതിനായി ചെന്നൈയിലെ പ്രധാന റോഡ് വഴികളും ,ചന്തയും ,ചേരിയും എല്ലാം സന്ദർശിച്ചുകൊണ്ട് അവിടെ ജനതിരക്കിനിടയിൽ വെച്ച് തന്നെ മൈക്രോഫോൺ കൊണ്ട് നടന്ന് ശബ്ദങ്ങൾ റെക്കോർഡ് ചെയ്തു റസൂലും സംഘവും. എന്തിരന്റെ രണ്ടാം ഭാഗം 2.0 ക്ക് വേണ്ടി പുതിയൊരു ഫോർമാറ്റിൽ ശബ്ദം ക്രമീകരിച്ചു 4D SRL.സംവിധായകൻ ശങ്കർ,റസൂൽ പിന്നെ ലൈക്ക പ്രൊഡക്ഷൻസ് ഇവരുടെ പേരുകളുടെ ചുരുക്കം ആണ് എസ് .ആർ.എൽ. ഈ ഫോർമാറ്റിൽ ചെയ്യുമ്പോൾ ഇടതും വലതും മുകളിലും ഉള്ള സ്പീക്കറുക്കൾ കൂടാതെ നമ്മുടെ സീറ്റിന്റെ അടിയിലും സ്പീക്കർ വരും.. ദൃശ്യവും ശബ്ദവും ഒന്നിച്ചു പ്രക്ഷേപണം ചെയ്യുമ്പോൾ സിനിമയിലെ സംഭവങ്ങൾ അപ്പോൾ നടക്കുന്നപോലെ കാണികൾക്ക്
അനുഭവം ഉണ്ടാവും.

കാബിൽ:
സഞ്ജയ്‌ ലീലാ ബൻസാലിയുടെ “കാബിൽ” ആയിരുന്നു അടുത്ത വെല്ലുവിളി ചിത്രം.നായകനും (ഹൃതിക് റോഷൻ) നായികയും (യാമി ഗൗതം) അന്ധരായതിനാൽ ,ശബ്ദം കേട്ട് കാര്യങ്ങൾ ഗ്രഹിക്കുന്ന സീനുകൾ ആയിരുന്നു അധികവും.നായിക കൊല്ലപ്പെട്ട ശേഷം ,കൊലയാളികളോട് പകരം വീട്ടാൻ പോകുന്ന അന്ധനായ നായകന്റെ അവസ്ഥയും ,പശ്ചാത്തല ശബ്ദങ്ങളും എല്ലാം റിയലിസ്റ്റിക് ആക്കി മാറ്റാൻ റസൂൽ പൂക്കുട്ടിക്ക് സാധിച്ചു.

ഒറ്റസെരുപ്പ് :
നടൻ പാർത്ഥിപന്റെ സംവിധാനത്തിൽ ഒരുങ്ങിയ ഈ തമിഴ് ചിത്രം ഏകാംഗ കഥാപാത്രം അഭിനയിക്കുകയും,മറ്റ് കഥാപാത്രങ്ങൾ ശബ്ദങ്ങളായി മാത്രം വന്നു പോകുന്ന രീതിയിലും ആയിരുന്നു അവതരണം.ഈ വെല്ലുവിളിയും റസൂൽ പൂക്കുട്ടി വളരെ മനോഹരമാക്കി 2019 ഇൽ ദേശീയ പുരസ്കാരവും നേടി..

(തുടരും)

എഴുത്ത്: ശ്രീനേഷ് എൽ പ്രഭു

shortlink

Related Articles

Post Your Comments


Back to top button