തെലുങ്ക് സിനിമാ താരം ചന്ദ്രമോഹൻ അന്തരിച്ചു. 82 വയസ്സായിരുന്നു. ജൂബിലി ഹിൽസിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് മരണം. ഇന്ന് രാവിലെ 9.45ന് ആയിരുന്നു സംഭവം. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഇദ്ദേഹം കുറേക്കാലമായി ചികിത്സയിലായിരുന്നു. ടോളിവുഡിലെ പ്രമുഖ താരങ്ങൾ ചന്ദ്രമോഹന് അന്ത്യാഞ്ജലി നേർന്നു.
തെലുങ്ക് സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു മല്ലമ്പള്ളി ചന്ദ്രമോഹൻ. 1966ൽ രംഗുല രത്നം എന്ന ചിത്രത്തിലൂടെയായിരുന്നു ചന്ദ്രമോഹന്റെ അരങ്ങേറ്റം. ഇതുവരെ 600ന് മുകളില്‍ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മുതിർന്ന ചലച്ചിത്രകാരൻ കെ വിശ്വനാഥിന്‍റെ ബന്ധുവാണ് ചന്ദ്രമോഹൻ. നന്ദി പുരസ്കാരം അടക്കം അനവധി പുരസ്കാരങ്ങള്‍ ഇദ്ദേഹം നേടിയിട്ടുണ്ട്. ക്യാരക്ടർ ആർട്ടിസ്റ്റായി നിരവധി സിനിമകളിൽ അഭിനയിച്ചു. ഓക്‌സിജനാണ് ചന്ദ്രമോഹന്‍റെ അവസാന ചിത്രം.
Post Your Comments