CinemaLatest NewsNew ReleaseNow Showing

‘ഉടലിലേക്ക് ചുരുക്കപ്പെടാതെ ഉയിരിലേക്ക് വളരാനുള്ള അവസരം സ്ത്രീകൾ അർഹിക്കുന്നു’; കെ ആർ മീര

നവാഗതയായ ശ്രുതി ശരണ്യം സംവിധാനം ചെയ്ത ‘ബി 32 മുതൽ 44 വരെ’ കഴിഞ്ഞ ദിവസമാണ് റിലീസിനെത്തിയത്. സ്ത്രീപക്ഷ സിനിമയായി ഒരുങ്ങിയ ‘ബി’യ്ക്ക് മികച്ച അഭിപ്രായം ലഭിക്കുന്നുണ്ട്. എഴുത്ത് തുടങ്ങിയ കാലം മുതൽ കേൾക്കേണ്ടി വന്ന ചോദ്യത്തിനുളള മറുപടിയാണ് ശ്രുതിയുടെ ചിത്രമെന്നാണ് സാഹിത്യകാരിയായ കെ ആർ മീര പറയുന്നത്. ഉടലിലേക്ക് ചുരുക്കപ്പെടാതെ ഉയിരിലേക്ക് വളരാനുള്ള അവസരം സ്ത്രീകൾ അർഹിക്കുന്നുണ്ട്. അത് മനസിലാക്കിത്തരുന്ന സിനിമയാണ് ‘ബി’ എന്നും കെ ആർ മീര പറഞ്ഞു.

കെ.ആർ മീരയുടെ ഫേസ്‌ബുക്ക് പോസ്റ്റ്:

മുലകൾ രൂപകമാക്കി ഒരു സമൂഹത്തെ ദൃശ്യവൽക്കരിക്കാൻ സാധിക്കുമെന്നു ഞാൻ വിചാരിച്ചിരുന്നില്ല. അതും മലയാള ഭാഷയിൽ. ശ്രുതി ശരണ്യം സംവിധാനം ചെയ്ത ബി 32 മുതൽ 44 വരെ എന്നെ ഞെട്ടിച്ചു. ജെൻഡർ ഇത്രയേറെ കൃത്യമായും ശക്തമായും ചർച്ച ചെയ്യുന്ന മറ്റൊരു ചിത്രവും ഓർമയിലില്ല. എന്തൊരു സിനിമ.. ഉടലിന്റെ രാഷ്ട്രീയം ഉയിരിന്റേതുതന്നെയാണ് എന്ന് ഇതിലേറെ കലാത്മകമായും ധൈഷണികമായും എങ്ങനെ ആവിഷ്കരിക്കും. കെ.എസ്.എഫ്.ഡി.സി സ്ത്രീകളായ സംവിധായകർക്കുള്ള ധനസഹായ പദ്ധതി പ്രകാരം നിർമിക്കപ്പെട്ടതാണ് ശ്രുതിയുടെ ആദ്യ സൃഷ്ടിയായ ബി 32 മുതൽ 44 വരെ.

ഇതിന്റെ ഫോട്ടോഗ്രഫിയും എഡിറ്റിങ്ങും സംഗീതവും ഒഴികെ മറ്റെല്ലാ ജോലികളും നിർവഹിച്ചതു സ്ത്രീകൾ. പത്തു ദിവസം കൊണ്ടു പ്രീ-പ്രൊഡക്ഷനും ഇരുപത്തിയൊന്നു ദിവസം കൊണ്ടു ഷൂട്ടിങ്ങും പൂർത്തിയാക്കിയവർ. ശ്രുതി ശരണ്യത്തിനും ടീമിനും സ്നേഹവും അഭിനന്ദനവും. സിനിമയുടെയും രാഷ്ട്രീയത്തിന്റെയും കാലഹരണപ്പെട്ട അഴകളവുകളെ നിങ്ങൾ ഇനിയുമിനിയും മറികടക്കുക. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌എഫ്‌ഡിസി) അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചത് കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പാണ്.

shortlink

Post Your Comments


Back to top button