CinemaGeneralLatest NewsMollywoodNEWS

സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്?: സജി ചെറിയാന് മറുപടിയുമായി ഷിബു ജി. സുശീലൻ

മുതിർന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാൻ തയാറാകണം എന്ന് ഷിബു

ടി.പി.ആർ. കുറയാതെ കേരളത്തിൽ സിനിമാ ചിത്രീകരണം അനുവദിക്കില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ തീരുമാനത്തിൽ പ്രതികരണവുമായി നിർമ്മാതാവും മുതിർന്ന പ്രൊഡക്ഷൻ കൺഡ്രോളറുമായ ഷിബു ജി. സുശീലൻ. സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത് എന്ന് ഷിബു ജി. സുശീലൻ ചോദിക്കുന്നു. മുതിർന്ന നടന്മാർ ഉൾപ്പടെ എല്ലാവരും ഇതിനെതിരെ പ്രതികരിക്കണമെന്നും ഷിബു തന്റെ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ടിപിആര്‍ കുറയുന്നതിന് അനുസരിച്ചു മാത്രമെ സിനിമാ ചിത്രീകരണത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാകു. ആളുകളുടെ ജീവൻ രക്ഷിക്കലാണ് സർക്കാരിന്‍റെ ലക്ഷ്യം എന്നും, തെലങ്കാന നല്ല സ്ഥലമാണെങ്കിൽ അവിടെ ചിത്രീകരണം നടത്തട്ടെ എന്നുമായിരുന്നു മന്ത്രി പറഞ്ഞത്.

ഷിബു ജി. സുശീലന്റെ വാക്കുകൾ:

‘സർക്കാർ തീരുമാനിക്കും എന്ന് സിനിമ മന്ത്രി. സീരിയൽ ആകാം, പക്ഷേ സിനിമ പാടില്ല. എന്താ സിനിമാക്കാർ ആണോ കേരളത്തിൽ കൊറോണ പരത്തുന്നത്? ഒരു പിടിയും കിട്ടുന്നില്ല.നമ്മുടെ രാഷ്ട്രീയം സിനിമയായി കണ്ടുകൊണ്ട് തൊഴിൽ ചെയ്യാൻ അനുവാദം വാങ്ങി എടുക്കാൻ വേണ്ടി എല്ലാ സിനിമക്കാരും ഒരുമിച്ചു നിന്നു കൊണ്ട് പ്രതികരിക്കുക. ഇവിടെ കുറച്ചു പേർ മാത്രം സംസാരിക്കുന്നു. മുതിർന്ന എല്ലാ സിനിമക്കാരും സിനിമക്ക് വേണ്ടി സംസാരിക്കാൻ തയാറാകണം. സിനിമയാണ് നിങ്ങളെ എല്ലാം വളർത്തിയത്. മാറി നിന്നിട്ട് കാര്യം ഇല്ല. നമുക്കും ജീവിക്കണം.’

അതേസമയം മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ്​ സംവിധാനം ചെയ്യുന്ന ‘ബ്രോ ഡാഡി’ അടക്കമുള്ള ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് ഇൻഡോർ ഷൂട്ടിങ്ങിന്​ പോലും അനുമതിയില്ലാത്തതിനെ തുടർന്ന്​ കേരളത്തിന്​ പുറത്തേക്ക്​ പോകുന്നത്​. നിലവിൽ ഹൈദരാബാദിൽ വെച്ച് ബ്രോ ഡാഡിയുടെ ചിത്രീകരണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button