CinemaGeneralLatest NewsMollywoodNEWS

‘മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് ഹനീഫിക്ക’; ഓര്‍മകള്‍ പങ്കുവെച്ച് സംവിധായകൻ വി.എ.ശ്രീകുമാര്‍

മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി.

മരണം ചിലപ്പോഴൊക്കെ കാണിക്കുന്ന അന്യായങ്ങളില്‍ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരനാണ് കൊച്ചിന്‍ ഹനീഫയെന്ന് സംവിധായകൻ വി.എ.ശ്രീകുമാര്‍. നടനും സംവിധായകനുമായിരുന്ന കൊച്ചിന്‍ ഹനീഫയുടെ പത്താം ചരമവാര്‍ഷികത്തില്‍ അദ്ദേഹത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഫെയ്‌സ്ബുക്കിലൂടെ പങ്കുവെക്കുകയാണ് വി എ ശ്രീകുമാര്‍.

കുറിപ്പിന്റയെ പൂർണരൂപം……………………………..

മറവികളിലേക്ക് ഉപേക്ഷിക്കാന്‍ കഴിയാത്ത ഒരാളാണ് എനിക്ക് ഹനീഫിക്ക.

മരണം ചിലപ്പോഴൊക്കെ കാണിക്കുന്ന അന്യായങ്ങളിൽ നഷ്ടപ്പെട്ടു പോയ അതിഗംഭീരനായ ഒരു കലാകാരൻ.

മദ്യപിക്കില്ല, പുകവലിക്കില്ല, ജീവിതശൈലിയെ ബാധിക്കുന്ന മറ്റു ദുശ്ശീലങ്ങൾ ഒന്നും തന്നെയില്ല, എന്നിട്ടും ലിവർ സിറോസിസ് ബാധിതനായി.

കല്യാൺ ജ്യുവല്ലേഴ്സിന്റെ റേറ്റ് ടാഗ് പരസ്യത്തിൽ അഭിനയിക്കാൻ ചെന്നൈയിൽ എത്തുമ്പോൾ അദ്ദേഹം വളരെ ക്ഷീണിതനായിരുന്നു. ഭക്ഷണകാര്യത്തിലുമൊക്കെ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പക്ഷെ, രണ്ടുമൂന്നു ദിവസങ്ങൾ നീണ്ടു നിന്ന ഷെഡ്യൂളിൽ ഏറെ ആസ്വദിച്ചാണ് ഹനീഫിക്ക പങ്കെടുത്തത്. വളരെ സ്ട്രെയിനെടുത്താണ് അദ്ദേഹം സഹകരിച്ചതെന്ന് എനിക്ക് പലപ്പോഴും അനുഭവപ്പെട്ടു, എങ്കിലും മരണത്തിലേക്ക് നയിക്കത്തക്കവിധമുള്ള അസുഖമുണ്ടായിരുന്നു എന്ന് അപ്പോൾ ആർക്കും തോന്നിയിരുന്നില്ല. അത്രയ്ക്കും ഡെഡിക്കേഷനോടെയാണ് അദ്ദേഹം അത് പൂർത്തീകരിച്ചത്. കല്യാൺ ജ്യുവല്ലേഴ്സിന്റെ പരസ്യസീരിസിലെ ഒരു നാഴികക്കല്ലായിരുന്നു റേറ്റ് ടാഗ് സീരീസിലുള്ള മികച്ച ഈ പരസ്യങ്ങൾ.

കരുണാനിധിയുമായി ഹനീഫിക്കയ്ക്കുണ്ടായിരുന്ന വളരെ അടുത്ത സൗഹൃദവും ഇക്കാലയളവിൽ നേരിട്ട് മനസിലാക്കാൻ കഴിഞ്ഞു. ഹനീഫിക്കയ്ക്കുള്ള ഭക്ഷണം പലപ്പോഴും കരുണാനിധിയുടെ വീട്ടിൽ നിന്നും നേരിട്ട് ആദരവോടെയാണ് എത്തിച്ചിരുന്നത്. പൂർണ്ണമായും നമുക്ക് അനുഭവിക്കാൻ കഴിയാതെ പോയ വലിയ ഒരു മനുഷ്യനാണ് കൊച്ചിൻ ഹനീഫ.

#വാത്സല്യം പോലെ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ചിത്രം സംവിധാനം ചെയ്ത ഹനീഫിക്ക, പക്ഷെ പിന്നീട് അഭിനയത്തിലും ഹാസ്യകഥാപാത്രങ്ങളിലേക്കും ഒതുങ്ങി മാറി. ‘താളം തെറ്റിയ താരാട്ട്’ കണ്ടപ്പോൾ മുതൽ ഞാൻ ആരാധനയോടെ കാണാൻ തുടങ്ങിയ കലാകാരനാണ്.

” അപൂർണ്ണതയിലാണ് ആ ജീവിതം വിട വാങ്ങിയത്. “

shortlink

Related Articles

Post Your Comments


Back to top button