General

ബാലചന്ദ്രമേനോന്‍റെ രസകരമായ അധികപ്രസംഗങ്ങള്‍ വായിക്കാം

ഗൗരവ സംഭവങ്ങളെ പോലും നര്‍മത്തിന്‍റെ തലത്തില്‍ എഴുതിപിടിപ്പിക്കുന്ന ബാലചന്ദ്രമേനോന്‍റെ കഴിവ് അദ്ദേഹത്തിന്‍റെ സിനിമ പോലെ തന്നെ പ്രശംസനീയമാണ്. അത്തരമൊരു മനോഹര എഴുത്ത് തന്‍റെ ഫേസ്ബുക്ക്‌ പേജിലൂടെ പങ്കുവയ്ക്കുകയാണ് അദ്ദേഹം.
പ്രസംഗം എനിക്കു എന്നും ഇഷ്ട്ടമുള്ള കാര്യമാണ്. “നീ അധികമൊന്നും പ്രസംഗിക്കണ്ട ” എന്നു വീട്ടിലുള്ളവരും സ്കൂളിലെ സാറമ്മാരും പിന്നീട് പൊതുസമൂഹത്തിലെ സഹിഷ്ണുത കുറഞ്ഞ മേലാളന്മാരുമൊക്കെ പലകുറി ആജ്ഞാപിച്ചിട്ടും ഞാൻ പ്രസംഗം അഭംഗുരം തുടർന്നു. ആറാം ക്‌ളാസ്സിലായിരുന്നു അരങ്ങേറ്റം.പിന്നീട് കേരളത്തിൽ എമ്പാടും ഇന്ത്യയിലും വിദേശത്തു പലയിടത്തും മലയാളത്തിലും ഇംഗ്‌ളീഷിലും പ്രസംഗമഹാമഹം തുടർന്നു. തുറന്നു പറയട്ടെ ,ഞാൻ ഒരു വേദിയിലും തയ്യാറെടുപ്പോടെ പോകാറില്ല . മൈക്കിനരികിൽ നിന്നു മുന്നിലിരിക്കുന്ന സദസ്സിനെ കാണുമ്പോൾ എന്റെ വായിൽ എന്തു വരുന്നോ അതാണ് എന്റെ പ്രസംഗം. ‘എയ്ത അമ്പും വായിൽ നിന്നു വീണ വാക്കും’ തിരിച്ചെടുക്കാനാവില്ല എന്ന സത്യം പ്രസംഗവേദിയിൽ എന്നെ കുറച്ചല്ല ഭയപ്പെടുത്തിയിട്ടുള്ളത് . ഒരു പ്രതിരോധമായി ഞാൻ എന്റെ പ്രസംഗങ്ങൾ മൊബൈൽ ഫോണിൽ റിക്കോഡ്‌ ചെയ്യാൻ തുടങ്ങി. അങ്ങിനെ റിക്കോഡ് ചെയ്തവ പിന്നീട് എപ്പഴോ കേട്ടപ്പോൾ ചുറ്റുമിരുന്നവർ ആണ് എന്തു കൊണ്ടു ഇതു പുസ്തകരൂപത്തിൽ ആക്കിക്കൂടാ എന്നു എന്നോട് ചോദിച്ചത് .അങ്ങിനെ ഒരു പുതിയ പുസ്തകം കൂടി എന്റെ പേരിൽ വരുന്ന ആഗസ്ത് 19 ന് കൊച്ചിയിൽ വെച്ചു പ്രകാശിതമാവും .
പേര് ….”എന്റെ അധികപ്രസംഗങ്ങൾ “…
ഒരു സാംപിൾ വെടിക്കെട്ട് എന്നപോലെ ഒരു പ്രസംഗത്തിന്റെ പ്രസക്ത ഭാഗം എന്നത്തെയും പോലെ എന്റെ ഫേസ് ബുക് മിത്രങ്ങൾക്കായി സമർപ്പിക്കുന്നു..രാമായണമാസം തുടങ്ങുന്ന ഇന്ന് രാമായണം തന്നെയാവട്ടെ പ്രസംഗ വിഷയവും …
…………….ഈ സായാഹ്നത്തിലെ രാമായണോത്സവം ഉദ്ഘാടനം നിർവഹിക്കുക എന്നതാണ് എന്റെ വകുപ്പ് എന്നോർക്കുമ്പോൾ ലേശം പരിഭ്രമം ഇല്ലാതില്ല. എന്റെ സുഹൃത്ത് കവിയും ഗാനരചയിതാവുമായ രമേശൻ നായർക്ക് വേണ്ടി വാക്കു നൽകിയപ്പോൾ ഇതൊന്നും ഓർത്തില്ല എന്നതാണ് സത്യം. സത്യസന്ധമായി പറഞ്ഞാൽ എനിക്കു രാമായണത്തെപ്പറ്റി ആധികാരികമായി പറയാനുള്ള അറിവില്ല .സ്കൂളിൽ പഠിക്കുമ്പോൾ ഒരു മധ്യവേനൽ അവധിക്കാലത്ത് സമപ്രായക്കാരനായ മറ്റൊരു ആളിനോടുള്ള മാത്സര്യം കൊണ്ടു അർത്ഥമൊന്നും മനസ്സിലാക്കാതെ രാമായണം ഒരു ഗുസ്തിക്കാരന്റെ മനസ്സോടെ വായിച്ചു തീർത്തിട്ടുണ്ട് …
പക്ഷെ ,രാമായണം എന്താണെന്നു മനസ്സിലാക്കാൻ വര്ഷങ്ങളോളം എനിക്കു കാത്തിരിക്കേണ്ടി വന്നു .പടക്കുതിര പോലെ ഓടിക്കൊണ്ടിരുന്ന ഞാൻ ഒരു ദിവസം പൊടുന്നനെ കമന്നടിച്ചു വീണു .അങ്ങിനെ എനിക്കു ഒരു നിർബന്ധിത വനവാസത്തിനു പോകേണ്ടിവന്നു . ‘കുറച്ചു കാലം ഞങ്ങളുടെയൊക്കെ മുന്നിൽ തലേൽക്കെട്ടൊക്കെയായി വിലസി നടന്നതല്ലേ …കുറച്ചൊന്നു കിടക്കട്ടെ ‘എന്നു എനിക്കു ചുറ്റുമുള്ള പ്രജകളിൽ ചിലർ പറഞ്ഞതും എനിക്കറിയാം ഹൈദരാബാദിൽ എന്റെ വനവാസം തുടരവേ ,നാട്ടിൽ എന്നെക്കുറിച്ചു പല കഥകളും പരന്നു .അതൊക്കെ പറയാനും പറഞ്ഞു പരത്താനും നമ്മുടെ നാട്ടുകാർക്ക് കൃത്യാന്തര ബാഹുല്യത്തിനിടയിലും ഇഷ്ട്ടം പോലെ സമയമുണ്ട് .ഫോൺ ബില്ല് ബാധകമല്ല അങ്ങിനെ ചെയ്യുന്നതിലൂടെ ക്രുരമായ ആനന്ദവുമുണ്ട് അവർക്കു .
ഇവിടിരിക്കുന്ന കാവ്യാമാധവനു ഞാൻ പറഞ്ഞ കാര്യങ്ങൾ മറ്റാരേക്കാളും മനസ്സിലാകും എന്നു ഞാൻ കരുതുന്നു. ഒരു ഘട്ടത്തിൽ അവർ നേരിട്ട വ്യഥകൾ നമുക്കറിയാം .എന്നാൽ സുഖമില്ലാതിരിക്കുന്ന വേളയിൽ ഞാൻ കേട്ട ചില കമൻറ്റുകൾ എന്നെ വല്ലാതെ വേദനിപ്പിച്ചു .ഞാനായിട്ട് ജന്മം കൊടുത്തവർ,ഞാനായിട്ടു സ്നേഹം പങ്കിട്ടവർ,എന്നിലൂടെ വളർന്നവർ അവരെല്ലാം മാറി നിന്നു ഒരു നിമിഷം കൊണ്ടു വിമർശിക്കുന്നതും ആവശ്യമില്ലാത്ത കഥകൾ മെനയുന്നതും കുറച്ചു ദൂരത്തു നിന്നാണെങ്കിലും എനിക്കു കേൾക്കേണ്ടിവന്നപ്പോൾ എന്റെ മനസ്സു വല്ലാതെ നൊന്തു .അതൊരു രാമായണ മാസമായിരുന്നു .ഞാൻ ഭാര്യയോട് പറഞ്ഞു:
” എനിക്കു രാമായണം ഒന്നു വായിക്കണം ”
ഭാര്യ രാമായണം തരപ്പെടുത്തി എനിക്കു കാണത്തക്കവണ്ണം എതിരെ മേശയിൽ പ്രതിഷ്ഠിച്ചു .
ദിവസങ്ങൾ കടന്നുപോയി .പക്ഷെ മനസ്സിലെ കാലുഷ്യം പിന്നെയും പോകുന്നില്ല . എന്റെ കൺവെട്ടത്ത് കയ്യെത്തും ദൂരത്തു പുതുമണം മാറാത്ത രാമായണം അതേപോലെ ഇരിപ്പുണ്ട് .അപ്പോൾ എനിക്കൊരു കുസൃതി തോന്നി .ആരുടെയും കരസ്പർശം ഏൽക്കാത്ത രാമായണത്തിന് മീതെ എന്റെ വിരലുകൾ പതിഞ്ഞു.ഞാൻ ചോദിച്ചു :
” എല്ലാ ദുഖങ്ങളുടെയും ഒരു ഒറ്റമൂലി എന്നാണല്ലോ നിന്നെപ്പറ്റിപറയാറ് .അതുകൊണ്ടുതന്നെ ഗുരുസ്ഥാനീയനായ നിനക്കു എന്തിനും പരിഹാരം തരാൻ കഴിയേണം .എന്റെ മനസ്സു വ്രണിതമാണെന്നു നിനക്കറിയാം ..അതിന്റെ കാരണവും അറിയാം .എന്റെ മനസ്സിൽ വെറുപ്പും വിദ്വേഷവും കുമിഞ്ഞുകൂടി എന്നെ അസ്വസ്ഥനാക്കുന്നു .ഇതിൽ നിന്നു മോചിതനാകാനുള്ള ഒരു മാർഗ്ഗം നിന്റെ താളുകളിലൂടെ എനിക്കു പറഞ്ഞതന്നേ മതിയാവൂ .
ഞാൻ നിന്നെ പകുത്തു വായിക്കാൻ പോവുകയാണ്..പണ്ടുള്ളവർ പറയുന്നതുപോലെ ഏഴു വരികൾ തള്ളി , ഏഴക്ഷരവും തള്ളി….
എന്തു കൊണ്ടു ഇവർ ഇങ്ങനെ എന്നെ വേദനിപ്പിക്കുന്നു? ഇവരോട് ഇനി ഞാൻ എങ്ങിനെ ഇടപെടണം?
ഞാൻ രാമായണം പകുത്തു..
ഏഴു വരികൾ തള്ളി…
എഴ് അക്ഷരവും തള്ളി…
എന്റെ കണ്ണിൽ പതിഞ്ഞ വരികൾ ഞാൻ വായിച്ചു…
“പ്രത്യുപകാരം മറന്നീടിനാ പൂരുഷൻ
ചത്തത്തിലൊക്കുമേ ജീവിച്ചിരിക്കിലും ..”
രാമായണത്തിന്റെ വ്യാഖ്യാനത്തിലൂടെ ഞാൻ ചുറ്റുവട്ടം നോക്കിയപ്പോൾ എന്നെ വേദനിപ്പിച്ചവരെല്ലാം മരിച്ചിരിക്കുന്നു അഥവാ ചത്തിരിക്കുന്നു . മണിമാളികയുടെ മണ്ടയിൽ ശീതീകരിച്ച മുറിയിൽ അവർ സ്വസ്ഥമായി ഇരിക്കുന്നുണ്ട് …പക്ഷെ രാമായണത്തിലെ നോട്ടത്തിൽ അവർ മൃതിയായിക്കഴിഞ്ഞു ..
ഏറ്റവും പുതിയ ബെൻസ് കാറിൽ അവർ സഞ്ചരിക്കുന്നുണ്ട് …എന്നാൽ വലയം പിടിച്ചിരിക്കുന്ന ടി യാൻ വെറും മൃതദേഹമാണ് . സൂട്ടും കോട്ടും കറുത്തകണ്ണടയും ധരിച്ച ഒരു വെറും ശവം !
മൃതദേഹത്തോട് നാം ആദരവ് കാണിക്കാൻ ബാദ്ധ്യസ്ഥരാണ് …ധാർമികമായും ഭരണഘടനാപരമായും. പരാക്രമം സ്ത്രീകളോട് മാത്രമല്ല ശവശരീരങ്ങളോടും പാടില്ല എന്ന രാമയണ സത്യം തിരിച്ചറിഞ്ഞപ്പോൾ എന്റെ മനസ്സ്സിലെ ആകുലതകളൊക്കെ മാറി . സഹാനുഭൂതികൊണ്ടു നിറഞ്ഞു ഈ രാമായണമാസത്തിൽ എനിക്കു നിങ്ങളോടും പറയാനുള്ളത് …നിങ്ങൾ നിങ്ങളുടെ കർമ്മത്തിൽ നിഷ്ണാതരായി മുന്നോട്ടു പോവുക . രാമായണം തലക്കു കീഴെ വെച്ചുറങ്ങിയതുകൊണ്ടോ നൂറു ആവർത്തി ചടങ്ങിന് വായിച്ചതുകൊണ്ടോ കാര്യമില്ല. ഓരോ വരികളിലും ഉറഞ്ഞിരിക്കുന്ന സനാതന സത്യം കണ്ടെത്തുന്നതിലാണ് വിജയം.

shortlink

Related Articles

Post Your Comments


Back to top button