NEWS

എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുന്ന മലയാളത്തിന്റെ ഭാവഗായകന് ഹൃദയപൂര്‍വ്വം ആശംസകള്‍!

തലമുറകളുടെ ഗൃഹാതുരതയായി മലയാളി നെഞ്ചേറ്റിയ ഈ സംഗീതജീവിതം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച സംസ്ഥാനസിനിമാ പുരസ്‌ക്കാരത്തിന്റെ നിറവിലാണെന്നത് പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നു.

ഞാനൊരു മലയാളി(ജിലേബി), മലര്‍വാകക്കൊമ്പത്തെ (എന്നും എപ്പോഴും), ശാരദാംബരം (എന്ന് നിന്റെ മൊയ്തീന്‍) എന്നീ ഗാനങ്ങള്‍ക്കാണ് 2015ലെ മികച്ച ഗായകനുള്ള പുരസ്‌ക്കാരം പി ജയചന്ദ്രന് ലഭിച്ചത്. അദേഹത്തിന്റെ വ്യക്തിത്വവുമായി ഏറ്റവും ചേര്‍ന്ന് നില്‍ക്കുന്ന ‘ഞാനൊരു മലയാളി’ എന്ന ഗാനം പ്രായമേശാത്ത ആ ശബ്ദത്തിന് കാലം നല്‍കുന്ന ആദരമാണ്.

1944 മാര്‍ച്ച് മൂന്നിന് രവിപുരത്താണ് പാലിയത്ത് ജയചന്ദ്രന്‍ എന്ന പി ജയചന്ദ്രന്റെ ജനനം. വിദ്യാഭ്യാസകാലത്ത് മൃദംഗവാദനത്തിലൂടെയാണ് സംഗീതജീവിതത്തിനു തുടക്കമിടുന്നത്.1966ല്‍ ‘കളിത്തോഴനിലെ’ ‘മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി’ എന്ന അനശ്വരഗാനത്തോടെ മലയാള സിനിമയിലേയ്ക്ക് രംഗപ്രവേശം. തുടര്‍ന്ന് കഴിഞ്ഞ കുറെ ദശകങ്ങളായി ആസ്വാദകരെ മോഹിപ്പിച്ച നിരവധി ഗാനങ്ങള്‍. സാഹിത്യവും സംഗീതവും പരിലസിച്ചുനിന്നിരുന്ന മലയാളസിനിമയുടെ ഒരു സുവര്‍ണ്ണകാലഘട്ടത്തോടൊപ്പം ജയചന്ദ്രനും വളര്‍ന്നു. കാലം കടന്നുപോയതറിയാതെ ജയചന്ദ്രന്‍ മലയാള സിനിമയ്‌ക്കൊപ്പം കൈപിടിച്ച് സഞ്ചരിച്ചെന്ന് പറയുന്നതാവും കൂടുതല്‍ ശരി. ഇളയരാജയോടും ഏ ആര്‍ റഹ്മാനോടുമൊപ്പം ചേര്‍ന്നപ്പോള്‍ തമിഴിലും ഹിറ്റുകള്‍ പിറന്നു. സിനിമയില്‍ നായകന്മാരുടെ മുഖങ്ങള്‍ മാറി മാറി വന്നപ്പോഴും അവരുടെ കഥാപാത്രങ്ങള്‍ക്ക് വൈകാരികഭാവം പകരാന്‍ ഈ ശബ്ദം വേണ്ടി വന്നു.

നാല് കേരളസംസ്ഥാന പുരസ്‌ക്കാരങ്ങളും ഒരു ദേശീയഅവാര്‍ഡും തമിഴ്‌നാട് സംസ്ഥാന പുരസ്‌ക്കാരവും. പുരസ്‌ക്കാരങ്ങള്‍ക്കെല്ലാം അപ്പുറമാണ് ആയിരത്തിലധികം ഗാനങ്ങളിലൂടെ മലയാളിയെ ആനന്ദത്തിലാറാടിച്ച ഭാവഗായകന് മലയാളികളുടെ മനസ്സിലുള്ള സ്ഥാനം. നല്ല ഗായകനും മികച്ച ഗായകനും ജനപ്രിയഗായകനുമെല്ലാം മാറി മാറി വരുമ്പോഴും മലയാളിയ്ക്ക് അഭിമാനിയ്ക്കാന്‍ ഒരേ ഒരു ഭാഗവഗായകനേയുള്ളൂ. പിറന്നാള്‍ ആശംസകള്‍…..

shortlink

Related Articles

Post Your Comments


Back to top button