NEWS

മരണത്തെ പറ്റി പോലും ചിന്തിച്ചു, പ്രിഥ്വിരാജാണ് രക്ഷിച്ചത്; ആര്‍ എസ് വിമല്‍ പറയുന്നു

പൃഥ്വിരാജ് കാരണമാണ് “എന്ന് നിന്‍റെ മൊയ്തീന്‍” എന്ന തന്‍റെ സ്വപ്‌ന ചിത്രം യാഥാര്‍ത്ഥ്യമായതെന്ന് തിരക്കഥാകൃത്തും സംവിധായകനുമായ ആര്‍ എസ് വിമല്‍. ഏഷ്യനെറ്റിന്‍റെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കവെ വിമല്‍ വികാരധീരനായി വിളിച്ചു പറഞ്ഞു, “പ്രിയപ്പെട്ട രാജു നിങ്ങള്‍ തന്നതാണ് ഈ ജീവിതം. ചിത്രത്തിന്‍റെ ഷൂട്ടിങ് സമയത്ത് കാഞ്ചനമാല ആളെ ഇളക്കി വിട്ടപ്പോള്‍ ഒരുപാട് വേദന അനുഭവിച്ചിരുന്നു എന്നും മരണത്തെ കുറിച്ച് പോലും ചിന്തിച്ചിരുന്നു” എന്നും ആര്‍എസ് വിമല്‍ പറയുന്നു. വിമലിന്‍റെ വാക്കുകളിലൂടെ,


“ജലം കൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററി ഒരു പഴയ ലെനോവയുടെ ലാപ്‌ടോപ്പിലാക്കി പൃഥ്വിരാജിനെ കാണാന്‍ ഷൂട്ടിംഗ് ലൊക്കേഷനില്‍ പോയി. രാവിലെ മുതല്‍ ഉച്ചയ്ക്ക് മൂന്നുമണിവരെ നിന്നിട്ടും സംസാരിക്കാന്‍ പറ്റിയില്ല. പിറ്റേദിവസം അതേ ലൊക്കേഷനില്‍ ചെന്നു. അങ്ങനെ പലതവണ അവിടെ പോയെങ്കിലും പൃഥ്വിരാജിനോട് കാര്യങ്ങള്‍ പറയാനോ ഡോക്യുമെന്ററി കാണിക്കാനോ സാധിച്ചില്ല. അതിനുശേഷം മെമ്മറീസ് എന്ന സിനിമയുടെ ലൊക്കേഷനില്‍ പോയി. അവിടെവച്ചാണ് പൃഥ്വിരാജ് ഡോക്യുമെന്ററി കാണുന്നത്. സിനിമയാക്കുന്നതിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡേറ്റ് നല്‍കാമെന്ന് സമ്മതിക്കുകയും ചെയ്തു. പിന്നീടുള്ള നീക്കങ്ങള്‍ വളരെ വേഗത്തിലായിരുന്നു.

സിനിമ യാഥാര്‍ത്ഥ്യമാകാനുള്ള കാരണം തന്നെ രാജുവാണ്” വിമല്‍ പറയുന്നു. “സിനിമയുടെ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ഒരുവശത്തുകൂടെ കാഞ്ചനമാല ആളുകളെ ഇളക്കിവിടുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. ഭീകരമായ വേദനകള്‍ ഒരുപാട് അനുഭവിച്ചു. പടം നിന്നുപോകുമെന്ന അവസ്ഥയില്‍ പൃഥ്വിരാജിനെ വിളിച്ചു, ഞാന്‍ മരിച്ചാലും എന്‍റെ മരണം കൊണ്ടുപോലും ഈ സിനിമ പുറത്തിറക്കണം. സിനിമ പുറത്തിറക്കാന്‍ നിങ്ങള്‍ മരിക്കുകയൊന്നും വേണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. പ്രിയപ്പെട്ട രാജു നിങ്ങള്‍ തന്ന ജീവിതമാണിത്”… സംവിധായകന്‍ ആര്‍.എസ്. വിമല്‍ വളരെ വികാരധീരനായി വിളിച്ചു പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button