GeneralNEWS

‘മാനത്തെ കൊട്ടാര’ത്തില്‍ നിന്ന് ‘ടൂ കണ്‍ട്രീസ്‌’ വരെയുള്ള ദിലീപിന്റെ ജനപ്രിയ യാത്ര

പ്രവീണ്‍ പി നായര്‍

‘മാനത്തെ കൊട്ടാരം’ എന്ന സിനിമ ഇവിടെ വെട്ടം കണ്ടപ്പോള്‍ ഗോപാലാകൃഷ്ണന്‍ ദിലീപായി മാറി. ഓമനത്വമുള്ള നല്ല പേരില്‍ നിന്ന് മറ്റൊരു നല്ല പേരിലേക്ക് ദിലീപ് നടന്നു നീങ്ങി. കമലിന്റെ സഹസംവിധാന വേഷം എടുത്തണിഞ്ഞാണ് ദിലീപ് സിനിമയിലേക്ക് കൂടുതല്‍ ചേര്‍ന്ന് നിന്നത്. കമലിന്റെ തന്നെ സിനിമകളിലെ നായകനു പിന്നില്‍ നിന്ന് കുഞ്ഞു വേഷങ്ങളില്‍ മുഖം കാട്ടിയ ദിലീപ് പിന്നീട് മലയാള സിനിമയിലേക്ക് മുന്‍ നിരയില്‍ അടയാളപ്പെടുത്തേണ്ട നടനായി മാറി.

സല്ലാപവും,ഈ പുഴയും കടന്നുമാണ് ആദ്യമായി ദിലീപിന് അഭിനയിച്ചു ആറാടാന്‍ കിട്ടിയ സിനിമകള്‍. മെഗാ ഹിറ്റിലേക്ക് വഴി തുറന്നത് റാഫി മെക്കാര്‍ട്ടിന്റെ ‘പഞ്ചാബി ഹൗസ്’ ആണ്. ചിരിക്കുന്തോറും ചിരി അടക്കാന്‍ കഴിയാത്ത ഹ്യൂമര്‍ ദിലീപ് എന്ന നടനില്‍ വേണ്ടുവോളമുണ്ട്. ദിലീപിന്റെ ഭാവ ചേഷ്ടകള്‍ സിനിമാശാലകളെ ചിരി ശാലകളാക്കി മാറ്റി . ദിലീപ് പോയ വഴിയില്‍ കുട്ടികളും, കുടുംബങ്ങളും കൂട്ടത്തോടെ പോയി.

ദിലീപിന്റെ പിന്നാമ്പുറങ്ങളില്‍ സിനിമ പാരമ്പര്യം ശൂന്യമാണ്. അനുകരണ കലയുടെ വെളിച്ചം വീശി കഴിഞ്ഞു പിന്നീട് സിനിമയിലേക്ക് ഒരു കടന്നാക്രമണമായിരുന്നു. ജയറാമാണ് വഴി കാട്ടിയത്,പിന്നീടു ജയറാമിന്റെ വഴിയിലേക്കാണ് ദിലീപ് കയറി നിന്നതും. കൈ നിറയെ സിനിമകള്‍ പെരുകി. നല്ല സിനിമകള്‍ പ്രേക്ഷകരില്‍ പൊഴിഞ്ഞു വീണു.
അവയില്‍ ജോക്കറും,കല്യാണരാമനും,സി.ഐ.ഡി മൂസയും,
തെങ്കാശിപട്ടണവും,മീശമാധവനുമൊക്കെയുണ്ടായിരുന്നു.
കൂടുതല്‍ പിന്‍ബലം സ്ത്രീകളും കുരുന്നുകളുമായിരുന്നു. അവരുടെ പ്രിയ താരം പിന്നീട് അവര്‍ക്ക് തന്നെ ജന പ്രിയനായി മാറി. ടി.വിചന്ദ്രന്റെ ‘കഥവഷേശന്‍’ പോലെയുള്ള സിനിമകളില്‍ ഗൗരവ പൂര്‍ണമായ അഭിനയ നിരയിലേക്ക് ദിലീപ്
ചുവടറിയിച്ചു.

ചിരി സമ്മാനമായി തരുന്നവന്‍ കഴിവുറ്റ കലാകാരനാണ് .പ്രേക്ഷകര്‍ വിതറുന്ന ആ ചിരിയാണ് ദിലീപ് എന്ന നടന്റെ സ്വീകാര്യത. ദിലീപ് സിനിമകള്‍ ഒരേ രുചി,ഒരേ മണം,ഒരേ നിറം, എന്ന പോലെ പ്രേക്ഷകര്‍ക്ക് അനുഭവപ്പെട്ടപ്പോള്‍ പലരും വിമര്‍ശന താളുകള്‍ തുറന്നു. ചിലരൊക്കെ ഇന്നും അടക്കാതെ വെച്ചിട്ടിണ്ട് അത്തരം വിമര്‍ശന താളുകള്‍. എന്നിട്ടും ദിലീപ് എന്ന താരം തളരാതെ മുന്നേറി . ഇടറി വീണ സിനിമകളേക്കാള്‍ പ്രേക്ഷകരില്‍ ഇണങ്ങി നിന്ന സിനിമകളാണ് കൂടുതലും.

വര്‍ഷങ്ങള്‍ മുന്നോട്ടു ഓടുമ്പോള്‍ നര്‍മത്തിലെ വിള്ളലുകള്‍ ഏത് ഒരു നടനും സംഭവിക്കുക സ്വഭാവികം പക്ഷേ ദിലീപ് കഥാപാത്രമായി നര്‍മത്തിലേക്ക് ഇപ്പോഴും വഴി തുറന്നാല്‍ കൂടുതല്‍ ഊര്‍ജസ്വലനാണ്. ഏതു വേഷങ്ങളും വൈകാരികമായി അഭിനയിച്ചു ഫലിപ്പിക്കുന്നവനെ മാത്രമേ നടന്‍ എന്ന് വിളിക്കൂ എന്ന പ്രവണത ദിലീപ് എന്ന നടന്‍ തിരുത്തി എഴുതുന്നു. ഹ്യൂമറില്‍ പക്വമായ പ്രകടനം തീര്‍ക്കുന്നവനെ നല്ല നടനെന്ന് മനസ്സറിഞ്ഞു കൊണ്ട് ഓരോ പ്രേക്ഷകര്‍ക്കും ധൈര്യമായി വിളിക്കാം.

ഒരു മിമിക്രി കലാകാരനില്‍ നിന്ന് സഹസംവിധായകനിലേക്കും അവിടെ നിന്നു ഒരു നായക നടന്റെ വളര്‍ച്ചയിലേക്കുമുള്ള തികഞ്ഞ വെട്ടം ദിലീപില്‍ പ്രകാശിക്കുന്നു. ‘വെള്ളരി പ്രാവിന്റെ ചങ്ങാതി’ നല്‍കിയ അഭിനയകാന്തി ദിലീപിന്റെ കൈകളിലെ സംസ്ഥാന പുരസ്‌കാരത്തിനും ചന്തം ചേര്‍ക്കുന്നു.

ഇന്നും ദിലീപ് ചിരി കലര്‍ത്തി പ്രേക്ഷകരോട് അടുക്കുന്നു . ചിലതൊക്കെ ബോക്‌സ് ഓഫീസ് പരാജയങ്ങളായി ഇവിടെ കൊഴിഞ്ഞു പോയി.
‘മൈ ബോസ്സ്’ പോലെയുള്ള മെഗാ ഹിറ്റ് സിനിമ ദിലീപിലെ നടനെ കൂടുതല്‍ മിനുസ്സപെടുത്തി പ്രേക്ഷകര്‍ക്ക് തിരിച്ചു നല്‍കി. ഇന്ന് അരങ്ങ് തകര്‍ക്കുന്ന മിക്ക യുവ നടന്മാരുടെയും സിനിമ പാരമ്പര്യം വിശാലമാണ്. ഒന്നല്ല പകരം പത്ത് സിനിമകള്‍ അടര്‍ന്ന് പോയാലും വീണ്ടും വഴി തുറന്നു കിട്ടുന്ന അവസ്ഥ . അന്നത്തെ ദിലീപ് കഴിവ് പ്രകടമാക്കി ഉണര്‍വ്വോടെ ഉദിച്ചു വന്നതാണ്.അങ്കത്തട്ടില്‍ അഭിനയം മറന്നു ജീവിക്കുന്ന പല നടന്മാര്‍ക്കും ഇടയില്‍ ദിലീപ് നല്ല ഒരു സ്ഥാനം നേടിയെടുത്തു. ദിലീപിന്റെ അഭിനയത്തേക്കാള്‍ ഭംഗി ആത്മ വിശ്വാസത്തിന്റെ ഉയര്‍ച്ച കാട്ടുന്ന ആ ഒരു പ്രകാശമില്ലേ അതിനാണ് അതിനിപ്പോഴും വല്ലാത്തൊരു തീവ്രതയാണ് .

സിനിമയോടുള്ള ആത്മസമര്‍പ്പണത്തിന്റെ ചാരുത ദിലീപ് എന്ന ജനപ്രിയനില്‍ ഇപ്പോഴും വട്ടമിടുന്നു.

shortlink

Post Your Comments


Back to top button