Movie Reviews

“തൂങ്കാവനം” – എന്തു കൊണ്ട് കമൽഹാസൻ എന്നതിന്റെ തെളിവ്

REVIEW | സുരേഷ് കുമാർ രവീന്ദ്രൻ


 

കമൽഹാസൻ എന്ന അത്ഭുത സിനിമാ പ്രതിഭാസത്തോട് ഇഷ്ടം, ഒരുപാടൊരുപാട് ഇഷ്ടം. ഓർമ്മ വച്ച പ്രായം മുതൽ അദ്ദേഹം ശ്വസിക്കുന്നതും, ഭക്ഷിക്കുന്നതും, ഉറങ്ങുന്നതും, ഉണരുന്നതുമെല്ലാം സിനിമയാണ്. സിനിമയ്ക്കു വേണ്ടി ഉഴിഞ്ഞു വച്ച ജീവിതം. സിനിമയിൽ ആ കൈകൾ തൊടാത്ത മേഖലകൾ ബാക്കിയില്ല. ഇന്ത്യൻ സിനിമയിൽ “സകലകലാവല്ലഭൻ” എന്ന പേരിന് ഏറ്റവും അർഹതയുള്ള കമൽഹാസന്റെ പതിവുപോലെ തികച്ചും വ്യത്യസ്തമായൊരു സിനിമാ ശ്രമമാണ് “തൂങ്കാവനം”. ദിവാകർ (കമൽഹാസൻ) എന്ന രഹസ്യ പോലീസിന്റെ സംഭവ ബഹുലമായ ഒരു ദിവസമാണ് ചിത്രത്തിന്റെ പ്രമേയം. ഇഷ്ടാനിഷ്ടങ്ങളിലൂടെ കൂടുതൽ വിവരിക്കാം.

ഇഷ്ടപ്പെട്ടത്

* 2011-ലെ ടൊറന്റോ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കപ്പെട്ട “സ്ലീപ് ലെസ് നൈറ്റ്സ്” എന്ന ഫ്രഞ്ച് ക്രൈം ത്രില്ലർ സിനിമയിൽ നിന്നും പൂർണ്ണമായും കടം കൊണ്ട പ്രമേയമെന്ന നിലയ്ക്ക് “തൂങ്കാവനം” ഉറപ്പാക്കുന്ന ത്രിൽ പ്രേക്ഷകരിലേക്ക് 100% എത്തിക്കാൻ ക്രൂവിന് സാധിച്ചു എന്നതാണ് ഏറ്റവും വലിയ പ്ലസ്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ, പ്രേക്ഷകരെ സീറ്റിന്റെ തുമ്പത്തിരുത്തി സിനിമ കാണാൻ പ്രേരിപ്പിച്ചു.

* 60 വയസ്സുകാരനായ കമൽഹാസൻ പ്രകടിപ്പിക്കുന്ന ആത്മാർത്ഥത, ചുറുചുറുക്ക്, ഇവയ്ക്കൊന്നും ഉത്തരമേയില്ല. സാഹചര്യങ്ങളുടെ സമ്മർദ്ദം കൊണ്ട് “സൂപ്പർ താരങ്ങൾ” എന്ന ലേബൽ സ്വന്തമാക്കിയ മറ്റു സൂപ്പർ അഭിനേതാക്കൾ ഇതൊക്കെ കണ്ടു പഠിക്കേണ്ടതാണ്. രചന നിർവ്വഹിക്കുക എന്ന പ്രധാന കർമ്മത്തിൽ തുടങ്ങി, നിർമ്മാണത്തിൽ പങ്കാളിയായി, പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് സിനിമയുടെ രക്ഷകനായി മാറുന്ന കമൽഹാസൻ അക്ഷരാർത്ഥത്തിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നു. ഇനിയും എത്രയോ അങ്കങ്ങൾക്കുള്ള ബാല്യം കമൽഹാസനിലുണ്ട് എന്നത് പരമാർത്ഥം. ചിത്രത്തിലെ സംഘട്ടന രംഗങ്ങളിൽ അദ്ദേഹം പ്രകടപ്പിക്കുന്ന മികവ് അസാധ്യമാണ്.

* മലയാളിയായ ഛായാഗ്രാഹകൻ സാനു.കെ.വർഗ്ഗീസിന് 100-ൽ 100 മാർക്ക്. ഗംഭീര വർക്ക്. 90 ശതമാനവും ഇൻഡോർ രംഗങ്ങളുള്ള ചിത്രത്തിൽ അദ്ദേഹം കാത്തു സൂക്ഷിച്ച മിതത്വം ഏറെ ശ്രദ്ധേയമായി. സാനുവിന്റെ ഷോട്ട്സിനൊപ്പം, എഡിറ്റർ ഷാൻ മൊഹമ്മദിന്റെ കരവിരുതും മികച്ച് നിന്നപ്പോൾ സംഘട്ടന രംഗങ്ങൾ അതിന്റെ ഏറ്റവും പാരമ്യതയിൽ എത്തി. സാധാരണ ഇന്ത്യൻ സൃഷ്ടികളിൽ കാണാൻ കഴിയാത്ത തരം ഒറിജിനാലിറ്റി തോന്നിപ്പിക്കുന്ന സംഘട്ടന രംഗങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് തന്നെയാണ്.

* കമൽഹാസൻ കഴിഞ്ഞാൽ പിന്നെ അഭിനേതാക്കളുടെ ഒരു ടീമാണ്. “തൃഷ – കിഷോർ – പ്രകാശ് രാജ് – സമ്പത്ത് – യുഗി സേതു” എന്ന ആ ടീം തികഞ്ഞ ഊർജ്ജസ്വലതയോടെ ചിത്രം മുഴുവൻ നിറഞ്ഞു നിന്നു. എല്ലാവരുടെ ഭാഗത്ത് നിന്നും ഒരുപാട് കായിക അദ്ധ്വാനം വേണ്ടി വന്നു. അഭിനന്ദനങ്ങൾ. കമൽഹാസന്റെ മകന്റെ റോൾ അവതരിപ്പിച്ച അമൻ അബ്ദുള്ളയാണ് താരം ! ഷോ കവർന്നത് ആ കുട്ടി തന്നെയാണ് ! മലയാളി താരം ആശാ ശരത് യാതൊരു പതർച്ചയുമില്ലാതെ, വളരെ കൂളായി തന്റെ കഥാപാത്രം അവതരിപ്പിച്ചു.

* ടെയിൽ എൻഡിൽ ഉപയോഗിച്ച ഒരു ഗാനം മാത്രമാണ് ആ വകയിലെ സംഭാവന എങ്കിലും ബി.ജി.എമ്മിലെ രസകരമായ പീസുകളിലൂടെ ജിബ്രാൻ തന്റെ സാന്നിധ്യം അറിയിച്ചു.

ഇഷ്ടപ്പെടാത്തത്

* പ്രത്യേകിച്ച് ഇഷ്ടക്കേടൊന്നും തോന്നിയില്ല. സീരിയസ് ആയ ഒരു സിനിമാ ശ്രമമെന്ന നിലയിൽ, ആവശ്യമായ എല്ലാ സംഗതികളും കൃത്യമായി സമ്മേളിച്ചതിനാൽ കുറവുകളൊന്നും തന്നെ തോന്നിയില്ല.

“വേട്ടയാട് വിളയാട്” എന്നത്. ഗൗതം മേനോൻ എന്ന മികച്ച സംവിധായകന്റെ കയ്യൊപ്പ് പതിഞ്ഞ ഒരു കമൽഹാസൻ ചിത്രമാണ്. പാട്ടുകളും, മറ്റു രസങ്ങളും സമാസമം ചേർത്ത് ഒരു തമിഴ് ക്രൈം ത്രില്ലർ സിനിമ ആവശ്യപ്പെടുന്ന രീതിയിൽ ഔട്പുട്ട് വന്നപ്പോൾ അത് മെഗാഹിറ്റ് ആയി മാറി. എന്നാൽ “തൂങ്കാവനം” എന്നത് അത്തരത്തിൽ ഒരു സമ്പൂർണ്ണ എന്റർടെയിനർ അല്ല. പറയാൻ വന്ന കഥ വളരെ സ്ട്രെയിറ്റ് ആയി പറഞ്ഞു പോവുകയാണ് ചെയ്തത്. ആയതിനാൽ ചിത്രത്തിന്റെ വിജയ-പരാജയം വ്യക്തമായി നിശ്ചയിക്കാൻ കഴിയുന്നതല്ല. പക്ഷെ, ഒരു കുറ്റവും പറയാൻ പറ്റാത്ത ക്ലീൻ ക്രൈം ത്രില്ലർ എന്ന നിലയ്ക്ക്, ഏറെ ആവേശത്തോടെ ഒരു വട്ടം കണ്ടിരിക്കാനുള്ള എല്ലാ സംഗതികളും ചിത്രത്തിൽ ഭദ്രം. നിങ്ങളൊരു കമൽഹാസൻ ഫാൻ ആണെങ്കിൽ ആ ആവേശം ഇരട്ടിയാകും. ഉറപ്പ്. ആശംസകൾ.

റേറ്റിംഗ് :- 3.5 / 5

 

shortlink

Related Articles

Post Your Comments


Back to top button