CinemaGeneralMollywoodNEWSWOODs

ഞാന്‍ വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റ് ; നടന്‍ ജയസൂര്യയുടെ വികാരഭരിതമായ കുറിപ്പ്

 

അമിത വേഗവും അശ്രദ്ധയും കാരണം അപകടങ്ങള്‍ ദിനംപ്രതി വര്‍ദ്ധിച്ചു വരുകയാണ്. വാഹനപകടങ്ങളോട് മുഖം തിരിക്കുന്നവരാണ് മലയാളികളില്‍ ഭൂരിഭാഗം ആളുകളും. റോഡപകടങ്ങള്‍ ഉണ്ടായാല്‍ അപകടത്തില്‍ പെട്ടയാളെ രക്ഷപെടുത്താനോ ആശുപത്രിയില്‍ എത്തിക്കാനോ ശ്രമിക്കാത്തവര്‍ കുറവല്ല. പുലിവാലാകുമോ എന്ന ചിന്തയാകാം ഇതിനു കാരണം. എന്നാല്‍, അപകടം സംഭവിച്ച്‌ റോഡില്‍ കിടക്കുന്നയാള്‍ നമ്മുടെ ആരെങ്കിലും ആണെങ്കില്‍ ഇങ്ങനെ ചെയ്യുമോ എന്ന് നടന്‍ ജയസൂര്യ ചോദിക്കുന്നു.

ഇടപ്പള്ളി ഒബ്റോണ്‍ മാളിനു സമീപത്ത് ഇന്ന് നടന്ന ഒരു ആക്സിഡന്റും അതിനെ ചുറ്റിപറ്റി നടന്ന സംഭവങ്ങളും വിശദമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിലാണ് ജയസൂര്യ ഇങ്ങനെ ചോദിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന ആട് 2 എന്ന ചിത്രത്തിന്റെ ലൊക്കേഷനിലേക്ക് പോകുന്ന വഴിയാണ് ഇടപ്പള്ളിയില്‍ വെച്ച്‌ നടന്ന ആക്സിഡന്റ് ജയസൂര്യ കാണുന്നത്. ഉടന്‍ തന്നെ താരം അദ്ദേഹത്തെ ഓട്ടോ വിളിച്ച്‌ ആശുപത്രിയില്‍ എത്തിച്ചു.

ജയസൂര്യയുടെ കുറിപ്പ് വായിക്കാം:

അത് നമ്മുടെ ആരെങ്കിലും ആയിരുന്നെങ്കിലോ…
ആടിന്റെ ലൊക്കേഷനിലേക്ക് ഇന്ന് വന്നു കൊണ്ടിരുന്നപ്പോ ഇടപ്പള്ളി ഒബ്റോണ്‍ മാളിന് സമീപമെത്തിയപ്പോള്‍ ഒരു ആള്‍ കൂട്ടം. ഡ്രൈവര്‍ പറഞ്ഞു ആക്സിഡന്റാണെന്ന് തോന്നണു ചേട്ടാന്ന്, ഞാന്‍ വണ്ടി ഒതുക്കാന്‍ പറഞ്ഞു. നോക്കുമ്ബോള്‍ ഒരാള്‍ അവിടെ കമന്ന് ചോരയില്‍ കിടക്കുന്നു കുറച്ച്‌ മാറി ആളുകള്‍ തമ്മില്‍ നല്ല തര്‍ക്കം, ഞാന്‍ ഓടിച്ചെന്ന് ആ കിടന്നിരുന്ന ആളെ എടുത്ത് പൊക്കി. എന്റെ നെഞ്ചൊന്നാളി… പോയോ ദൈവമേ എന്ന് വിചാരിച്ചു.
തിരിഞ്ഞ് നോക്കുമ്ബോ അവിടെ അപ്പോഴും പൊരിഞ്ഞ തര്‍ക്കം. ഞാന്‍ വിളിച്ച്‌ പറഞ്ഞു ചേട്ടാ… അതൊന്ന് നിര്‍ത്തീട്ട് ഇങ്ങോട്ട് വന്ന് ഇയാളെ ഒന്ന് ഹോസ്പിറ്റലില്‍ എത്തിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യ്.. കുറച്ച്‌ പേര് ദേ ടാ.. ജയസൂര്യാ . എന്നും പറഞ്ഞ് ഓടി വന്നു. ആരുടെയെങ്കിലും കൈയ്യില് വെള്ളം ഉണ്ടോന്ന് ചോദിച്ചു ,ഒരു നല്ല മനുഷ്യന്‍ അയാളുടെ ബാഗില്‍ നിന്നും വെള്ളമെടുത്തു ..കുടിക്കാന്‍ കൊടുത്തു ,അദ്ദേഹം ഒന്ന് വാ പോലും തുറക്കുന്നില്ല.

പെട്ടന്ന് ഒരു ഓട്ടോ വിളിക്കാന്‍ പറഞ്ഞു. സമയത്ത് തന്നെ ഒരു ഓട്ടോ കിട്ടി ഞാനും വെള്ളം തന്ന പയ്യനും കൂടി നേരെ ഇടപ്പളിയിലുള്ള MAJ ഹോസ്പിറ്റലില്‍ കൊണ്ടുപോയി.. പോകും വഴി അദ്ദേഹം കണ്ണ് തുറന്നു. സമാധാനമായി.. ഹോസ്പിറ്റലില്‍ ചെന്നപ്പോ.. തനിയ്ക്കൊക്കെ ഒന്ന് പതുക്കെ പൊയ്ക്കൂടെടൊ ജയസൂര്യേ.. ഈ പാവങ്ങളൊയൊക്കെ ഇടിച്ചിട്ടട്ട് വേണോ എന്ന ഭാവം ആയിരുന്നു അവരുടെ മുഖത്ത്.. ഞാന്‍ പറഞ്ഞു ഇദ്ദേഹം ആരാണെന്നോ എന്താണെന്നോ എനിയ്ക്ക് അറിയില്ല വഴിയില്‍ ഏതോ ബൈക്കുകാരന്‍ ഇടിച്ചിട്ടിട്ട് നിര്‍ത്താതെ പോയതാ.. എനിയക്ക് ഷൂട്ടുണ്ട് ഞാന്‍ ഇറങ്ങാണ് എന്ന് പറഞ്ഞപ്പോ … അവിടെ കിടന്ന് കൊണ്ട് അദ്ദേഹം എന്നെ നന്ദിയോടെ ഒന്ന് നോക്കി.. ആ നോട്ടം ഞാന്‍ ഒരിക്കലും മറക്കില്ല ..

ഞാന്‍ വല്ല്യ മല മറിച്ച കാര്യം ചെയ്തു എന്ന പറയാനല്ല ഈ പോസ്റ്റ് .. “അബദ്ധം ആര്‍ക്കും സംഭവിയ്ക്കാം .നമ്മുടെ വണ്ടി ആരെയെങ്കിലും ഒന്ന് ഇടിയക്കാണെങ്കില്‍ നമ്മള്‍ നിര്‍ത്താതെ പോയിക്കളയരുത് ..ഒന്ന് നിര്‍ത്തി അയാളെ ഒന്ന് ആശു പത്രിയില്‍ എത്തിക്കാനുള്ള മര്യാദ എങ്കിലും നമ്മള്‍ കാണിയ്ക്കണം, അതുപോലെ അപകടം നടന്നാല്‍ തര്‍ക്കം പിന്നെയാവാം ആ അപകടം സംഭവിച്ചയാള്‍ക്ക് വേണ്ടി ഉടനെ എന്തെങ്കിലും ചെയ്യണം ..നമ്മുടെ തര്‍ക്കത്തേക്കാളൊക്കെ വലുതല്ലേ ഒരാളുടെ ജീവന്‍ “

shortlink

Related Articles

Post Your Comments


Back to top button