Latest NewsNewsIndia

അളന്ന് തൂക്കി അടിച്ച് ഇന്ത്യ : 25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ : പാകിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ

പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി അളന്നതും ആനുപാതികവുമായി പ്രതികരണമാണ് നടത്തിയതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി

ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി അളന്നതും ആനുപാതികവുമായി പ്രതികരണമാണ് നടത്തിയതെന്ന് ന്യൂഡല്‍ഹിയില്‍ നടന്ന പത്രസമ്മേളനത്തില്‍ കേണല്‍ സോഫിയ ഖുറേഷിയും വിംഗ് കമാന്‍ഡര്‍ വ്യോമിക സിംഗും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയും വ്യക്തമാക്കി.

25 മിനുട്ടിനുള്ളില്‍ 24 മിസൈലുകള്‍ വര്‍ഷിച്ചാണ് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഒമ്പത് ഭീകര ക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമിച്ച് നശിപ്പിച്ചത്. ആക്രമണത്തില്‍ 70 ഭീകരരെ വധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മെയ് 7 ന് പുലര്‍ച്ചെ 1:05 മുതല്‍ പുലര്‍ച്ചെ 1:30 വരെ നീണ്ടുനിന്ന ആക്രമണങ്ങള്‍ ഇന്ത്യന്‍ കര സൈന്യം, നാവികസേന, വ്യോമസേന എന്നിവ സംയുക്തമായി ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന രഹസ്യനാമത്തിലാണ് നടത്തിയത്.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി പാക് അധീന കശ്മീരിലും പാകിസ്ഥാനിലും റിക്രൂട്ട്‌മെന്റ് സെന്ററുകള്‍, പരിശീലന മേഖലകള്‍, ലോഞ്ച് പാഡുകള്‍ എന്നിവയുള്‍പ്പെടെ ഭീകരര്‍ നിര്‍മിച്ച് വരികയാണ്. ആ സൗകര്യങ്ങള്‍ പൊളിച്ചുമാറ്റാനും ഭാവിയിലെ ആക്രമണങ്ങള്‍ തടയാനുമാണ് ഇന്നത്തെ സൈനിക നടപടിയെന്നും അവര്‍ വ്യക്തമാക്കി.

ഇന്ത്യക്കെതിരായ കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള സൂചന ഇന്റലിജന്‍സ് നല്‍കി. അതിനെ തടയാനും , അതിര്‍ത്തി കടന്നുള്ള കൂടുതല്‍ ഭീകരത തടയാനുമുള്ള ഇന്ത്യയുടെ അവകാശം സൈന്യം ഉപയോഗിച്ചു. തീവ്രവാദികളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുന്നതിലാണ് സൈന്യം ശ്രദ്ധ കേന്ദ്രീകരിച്ചതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

മുസാഫറാബാദ്, കോട്ലി, ബഹാവല്‍പൂര്‍, റാവലക്കോട്ട്, ചക്സ്വാരി, ഭീംബര്‍, നീലം വാലി, ഝലം, ചക്വാള്‍ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടാണ് മിസൈല്‍ ആക്രമണം നടത്തിയത്. തീവ്രവാദ ക്യാമ്പുകള്‍ ഉണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെക്കാലമായി സംശയിച്ചിരുന്ന പ്രദേശങ്ങളാണിവ. വര്‍ഷങ്ങളായി ഇന്ത്യയില്‍ ഒന്നിലധികം ആക്രമണങ്ങള്‍ക്ക് ഉത്തരവാദികളായ രണ്ട് ഭീകര ഗ്രൂപ്പുകളായ ലശ്കര്‍ ഇ ത്വയ്ബ (എല്‍ഇടി), ജയ്ഷ്-ഇ-മുഹമ്മദ് (ജെഎം) എന്നിവയുമായി ഈ സ്ഥലങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൈന്യം കരുതുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button