തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളില്‍ മുണ്ടിനീര് വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. 70 ദിവസത്തിനുള്ളില്‍ ഏകദേശം 10,000 കുട്ടികളിലാണ് രോഗം സ്ഥിരീകരിച്ചതെന്നാണ് വിവരം. കഴിഞ്ഞ ആറ് ദിവസത്തിനുള്ളില്‍ 1649 കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം, പ്രതിദിനം ചികിത്സ തേടുന്ന കുട്ടികളുടെ ശരാശരി എണ്ണം ജനുവരിയില്‍ 50 ആയിരുന്നത് മാര്‍ച്ചില്‍ 300 ആയി ഉയര്‍ന്നു. സംസ്ഥാനത്ത് ഒപിയില്‍ എത്തുന്ന 20 കുട്ടികളില്‍ ഒരാള്‍ക്ക് നിലവില്‍ വൈറസ് ബാധയുണ്ടെന്ന് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്‌സ് ചൂണ്ടിക്കാട്ടുന്നു. മലപ്പുറത്തും സമീപ പ്രദേശങ്ങളിലുമാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഉള്ളതെന്നും അവര്‍ വ്യക്തമാക്കി.
പനി, ചുമ, ജലദോഷം, ചെവി വേദന തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. ഒപ്പം കവിളിന്റെ വശങ്ങളിലെ വീക്കമാണ് പ്രത്യേക ലക്ഷണം. മുണ്ടിനീര് മരണകാരണമാകില്ലെങ്കിലും അടുത്തിടെ പൊട്ടിപ്പുറപ്പെട്ട വൈറസ് ബാധ താരതമ്യേന സങ്കീര്‍ണ്ണമാണെന്നാണ് ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം.
രാജ്യത്ത് രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത് കുറയുന്നതിനാല്‍ ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതി (യുഐപി) പ്രകാരം മുണ്ടിനീര് വാക്‌സിനേഷന്‍ നല്‍കുന്നില്ല. നിലവില്‍ MMR (Mumps, Measles, and Rubella) വാക്സിന് പകരം MR (മീസില്‍സ് ആന്‍ഡ് റുബെല്ല) വാക്‌സിനാണ് നല്‍കുന്നത്.
Post Your Comments