KeralaLatest News

ഖാലിസ്ഥാൻ ഭീകരന്റെ കൊലപാതകം: ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് കാനഡക്ക് മറുപടിയുമായി എസ് ജയ്ശങ്കർ

ലണ്ടൻ: ഖാലിസ്ഥാൻ ഭീകരവാദി ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണങ്ങൾക്ക് ശക്തമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ. യാതൊരു തെളിവുകളുമില്ലാതെയാണ് ട്രൂഡോ ഇന്ത്യക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നത്. തെളിവില്ലാത്ത ആരോപണങ്ങൾ അധിക്ഷേപത്തിന് തുല്യമാണ്. ഇന്ത്യയെ അധിക്ഷേപിക്കാൻ ആരെയും അനുവദിക്കില്ലെന്ന് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.

ലണ്ടനിൽ മാദ്ധ്യമപ്രവർത്തകൻ ലയണൽ ബാർബറുമായി നടത്തിയ സംഭാഷണത്തിനിടെയാണ് കാനഡ വിഷയത്തിലെ ഇന്ത്യയുടെ നിലപാട് എസ് ജയ്ശങ്കർ വ്യക്തമാക്കിയത്. ഒരു രാജ്യത്തിനെതിരെ ഉത്തരവാദപ്പെട്ട മറ്റൊരു രാജ്യം ആരോപണം ഉന്നയിക്കുമ്പോൾ അതിനെ സാധൂകരിക്കാൻ വ്യക്തമായ തെളിവ് നൽകാൻ അവർ തയ്യാറാകണം. ഖാലിസ്ഥാൻ ഭീകരവാദിയുടെ കൊലയ്ക്ക് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം തെളിയിക്കാൻ കാനഡക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യക്ക് പ്രസ്തുത സംഭവത്തിൽ യാതൊരു പങ്കുമില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്. ജയ്ശങ്കർ പറഞ്ഞു.

ട്രൂഡോയുടെ ആരോപണങ്ങൾ കനേഡിയൻ വിദേശകാര്യ മന്ത്രി മെലാനി ജോളിയുമായി ചർച്ച ചെയ്തിരുന്നു. അവരുടെ പക്കൽ തെളിവുണ്ടെങ്കിൽ കൈമാറാനും ആവശ്യപ്പെട്ടിരുന്നു. അവർ ആവശ്യപ്പെടുന്ന പ്രകാരം അന്വേഷണം നടത്താൻ ഇന്ത്യ സന്നദ്ധമാണ് എന്നും അവരെ അറിയിച്ചിരുന്നു. എന്നാൽ തെളിവുകൾ നൽകാൻ അവർക്ക് സാധിച്ചില്ല. ജയ്ശങ്കർ വിശദീകരിച്ചു.

കനേഡിയൻ രാഷ്ട്രീയത്തിൽ ആക്രമണോത്സുകമായ വിഘടനവാദത്തിന് അധികൃതർ സ്ഥാനം നൽകുകയാണ്. ഇന്ത്യയിലെ വിഘടനവാദികൾക്ക് അവർ പ്രാധാന്യം നൽകുന്നു. ഇന്ത്യയിൽ ആക്രമണങ്ങൾക്ക് പ്രേരണയും പിന്തുണയും നൽകുന്നവരെ അവർ പൗരത്വം നൽകി സംരക്ഷിക്കുന്നുവെന്ന ഗുരുതരമായ വിഷയവും ജയ്ശങ്കർ ചൂണ്ടിക്കാട്ടി.

അക്രമികളെ കാനഡ വെള്ള പൂശുന്നത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെയും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെയും പേര് പറഞ്ഞാണ്. എന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തിനും ആവിഷ്കാര സ്വാതന്ത്ര്യത്തിനും ചില ഉത്തരവാദിത്തങ്ങൾ കൂടിയുണ്ട്. ഇത്തരം സ്വാതന്ത്ര്യങ്ങളുടെ ദുരുപയോഗവും ഇത്തരം ദുരുപയോഗങ്ങളോട് പുലർത്തുന്ന നിസ്സംഗതയും അങ്ങേയറ്റം അപരാധമാണ് എന്നതാണ് ഇന്ത്യയുടെ നയം. ജയ്ശങ്കർ നിലപാട് വ്യക്തമാക്കി.

 

ഭീകരവാദികൾക്ക് കാനഡ നൽകുന്ന പിന്തുണ, ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് നേരെയുള്ള പരസ്യമായ ആക്രമണങ്ങളിലേക്ക് വരെ കാര്യങ്ങൾ എത്തിച്ചിരിക്കുന്നു. ഇന്ത്യൻ സ്ഥാനപതിക്കും കോൺസുൽ ജനറൽമാർക്കും മറ്റ് ഉന്നത ഉദ്യോഗസ്ഥർക്കും നേരെ പരസ്യമായ ആക്രമണങ്ങൾ നടന്നു. ഇത്തരം ആക്രമണങ്ങൾക്ക് ഉത്തരവാദികളായവർക്ക് എതിരെ ഒരു ചെറുവിരൽ അനക്കാൻ പോലും കാനഡ തയ്യാറാകുന്നില്ല. ഇതാണ് കാനഡയുടെ ചരിത്രവും പാരമ്പര്യവുമെന്നും ജയ്ശങ്കർ വിമർശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button