Article

സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് ചെയ്യാന്‍ കഴിയുന്ന വ്യത്യസ്തമായ ദീപാവലി അലങ്കാരങ്ങള്‍

ദീപങ്ങളുടെ ഒരുത്സവമാണ്, ദീപാവലി അഥവാ ദിവാലി. ‘ദീപ്’ എന്നാല്‍ വിളക്ക് എന്നാണ് അര്‍ത്ഥം. ‘ആവലി’ എന്നാല്‍ നിര എന്നും. വിളക്കുകളുടെ നിര എന്നാണ് ദീപാവലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ദീപാവലി ആഘോഷത്തിനായി ഇന്ത്യയുടെ വടക്കേ അറ്റം മുതല്‍ തെക്കേ അറ്റം വരെയുള്ള ജനങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. പലയിടത്തും കണ്ണഞ്ചിപ്പിക്കുന്ന തരത്തിലുള്ള വൈദ്യുത ദീപാലങ്കാരങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു.

സ്‌കൂള്‍,കോളേജ്, ഓഫീസുകളില്‍ എല്ലാം ദീപാവലി ആഘോഷങ്ങള്‍ക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. സ്‌കൂളുകളില്‍ ദീപാവലി അലങ്കാരങ്ങള്‍ ചെയ്യുമ്പോള്‍ വ്യത്യസ്തമായ ചില ആശയങ്ങള്‍ നമുക്ക് പ്രാവര്‍ത്തികമാക്കാവുന്നതാണ്. പേപ്പര്‍ ബാഗ് ഉപയോഗിച്ച് വ്യത്യസ്തമായ ദീപങ്ങള്‍ തയ്യാറാക്കാം.

പേപ്പര്‍ ബാഗ് ദീപാലങ്കാരം

ഇതിനായി കുറച്ച് ഒഴിഞ്ഞ തവിട്ടു നിറത്തിലുള്ള പേപ്പര്‍ ബാഗുകള്‍ എടുക്കാം. തുടര്‍ന്ന് പേപ്പര്‍ പഞ്ച് ഉപയോഗിച്ച് ബാഗില്‍ സുഷിരങ്ങള്‍ ഉണ്ടാക്കാം. തുടര്‍ന്ന് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മെഴുകുതിരിയെടുത്ത് പേപ്പര്‍ ബാഗിലേയ്ക്ക് ഇറക്കിവെച്ച് ബാഗിന്റെ തുറന്നിരിക്കുന്ന ഭാഗം പശ ഉപയോഗിച്ച് ഒട്ടിച്ചാല്‍ കിടിലന്‍ പേപ്പര്‍ ലാംപുകള്‍ റെഡി. വ്യത്യസ്തമായ ഈ അലങ്കാരം സ്‌കൂളുകളില്‍ പ്രാവര്‍ത്തികമാക്കാവുന്നതാണ്.

എന്നാല്‍, കത്തുന്ന മെഴികുതിരി പേപ്പര്‍ ബാഗ് ദീപങ്ങള്‍ക്കായി ഉപയോഗിക്കരുത്. ബാറ്ററികളില്‍ പ്രവര്‍ത്തിക്കുന്ന മെഴുകുതിരികള്‍ മാത്രമേ ഇതിനായി തിരഞ്ഞെടുക്കാവൂ എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

ദിയ

ദീപങ്ങള്‍ കത്തിച്ചുവെയ്ക്കുന്ന ചെരാതുകളിലും ഇതുപോലെ ചില പരീക്ഷണങ്ങള്‍ നടത്തി അവയെ ആകര്‍ഷകമാക്കാവുന്നതാണ്. കടകളില്‍ നിന്ന് വാങ്ങുന്ന ദിയ അല്ലെങ്കില്‍ ചെരാതില്‍ ചില ചിത്രപണികളോ, പല നിറത്തിലുള്ള പെയിന്റിംഗോ, വിവിധ നിറത്തിലുള്ള മുത്തുകളോ പതിപ്പിച്ച് മനോഹരമാക്കാം.

രംഗോലി

രംഗോലി ഇല്ലാതെ ദീപാവലി ആഘോഷിക്കുന്നത് അപൂര്‍ണ്ണമാണ്. ധാരാളം സ്‌കൂള്‍, പ്രീ സ്‌കൂള്‍ സ്ഥാപനങ്ങള്‍ രംഗോലി മത്സരങ്ങള്‍ നടത്തുകയും മികച്ച രൂപകല്‍പ്പന ചെയ്യുന്ന
വിദ്യാര്‍ത്ഥികള്‍ക്ക് പാരിതോഷികം നല്‍കുകയും ചെയ്യുന്നു. പല വര്‍ണങ്ങള്‍ ഉപയോഗിച്ച് രംഗോലി ഡിസൈന്‍ ചെയ്താല്‍ ദീപാവലി ആഘോഷത്തിന് മാറ്റുകൂട്ടും.

shortlink

Related Articles

Post Your Comments


Back to top button