KeralaLatest NewsIndia

കെസിആറിന് തിരിച്ചടി: എംഎല്‍എമാരെ കൂറുമാറ്റാന്‍ ശ്രമിച്ചെന്ന കേസ് സംസ്ഥാനം അന്വേഷിക്കണ്ട, കേസ് സിബിഐക്ക് നൽകി ഹൈക്കോടതി

ഹൈദരാബാദ്: തെലങ്കാനയില്‍ ബിആര്‍എസിനും മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനും തിരിച്ചടി. ബിആര്‍എസ് എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചെന്ന് ആരോപിക്കുന്ന കേസിന്റെ അന്വേഷണം സിബിഐയ്ക്ക് വിട്ടുകൊണ്ട് തെലങ്കാന ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘമായിരുന്നു രാഷ്ട്രീയവിവാദം സൃഷ്ടിച്ച ഈ കേസ് ഇതുവരെ അന്വേഷിച്ചത്.

ഈ അന്വേഷണ സംഘത്തെ ഹൈക്കോടതി പിരിച്ചുവിട്ടു. ഹൈക്കോടതിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നതായി ബിജെപി നേതാവും അഭിഭാഷകനുമായ റാം ചന്ദര്‍ റാവു പറഞ്ഞു. ബിആര്‍എസിന്റെ എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് ആരോപിച്ച് നവംബറില്‍ ചന്ദ്രശേഖര്‍ റാവു തന്നെയാണ് രംഗത്തുവന്നത്. എംഎല്‍എമാരെ കൂറുമാറ്റാന്‍ ബിജെപി ശ്രമിച്ചുവെന്നും ബിഡിജെഎസ്. നേതാവായ തുഷാര്‍ വെള്ളാപ്പള്ളി ഉള്‍പ്പെടെയുള്ളവര്‍ ഇതില്‍ പങ്കാളിയായെന്നുമാണ് ആരോപണം ഉയര്‍ത്തിയത്.

അട്ടിമറി ശ്രമത്തിന്റേതെന്ന് അവകാശപ്പെടുന്ന വീഡിയോകളും ശബ്ദ സന്ദേശങ്ങളും ഇതിന് പിന്നാലെ ചന്ദ്രശേഖര റാവുവിന്റെ പാര്‍ട്ടി പുറത്തുവിട്ടിരുന്നു. നാല് എംഎല്‍എമാരെയാണ് ബിജെപി ഇടനിലക്കാര്‍ വഴി ബന്ധപ്പെട്ടതെന്നാണ് ബിആര്‍എസിന്റെ ആരോപണം. ഓരോരുത്തര്‍ക്കും 100 കോടി വീതമാണ് വാഗ്ദാനം ചെയ്തതെന്നും ബിആര്‍എസ് ആരോപിക്കുന്നു.

ഇതിനിടെ, തന്നെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി പണം വാഗ്ദാനം ലഭിച്ചവരില്‍ ഒരാളായ തന്‍ഡൂര്‍ എംഎല്‍എ രോഹിത്ത് ഷെട്ടി രംഗത്തുവന്നു. അതേസമയം, ഡൽഹി മദ്യനയ അഴിമതിക്കേസിൽ ചന്ദ്രശേഖര റാവുവിന്റെ മകൾ കവിതയ്‌ക്കെതിരെ എഫ്‌ഐആർ ഇട്ടതിന് പകരമായി ഉണ്ടാക്കിയ ആരോപണമാണ് ഇതെന്നാണ് ബിജെപിയുടെ ആരോപണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button