KeralaLatest NewsNews

ആഘോഷങ്ങൾക്ക് നിറം പകരുന്ന ഈസ്റ്റർ മുട്ടയ്ക്ക് പിന്നിലെ കഥയെന്ത്?

ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്സ് അഥവാ ഈസ്റ്റർ മുട്ട. കുരിശിലേറ്റിയതിന്റെ മൂന്നാം നാൾ ക്രിസ്തു ഉയർത്തെഴുന്നേറ്റതിന്റെ ഓർമ്മയ്ക്കാണ് ലോകമെമ്പാടുമുള്ള വിശ്വാസികൾ ഈസ്റ്റർ ആഘോഷിക്കുന്നത്. ഈസ്റ്റർ അപ്പം, ഈസ്റ്റർ മുട്ടകൾ എന്നിവയാണ് അന്നത്തെ ദിവസം വിശ്വാസികൾ തയ്യാറാക്കുന്നത്. അതിൽ വർണ്ണശബളമായ ഈസ്റ്റർ മുട്ടയാണ് താരം. പല നിറത്തിലുള്ള ഈസ്റ്റർ മുട്ടകൾ മനസിന് ഊഷ്മളത നൽകും. യേശുക്രിസ്തുവിൻറെ ഒഴിഞ്ഞ ശവകല്ലറയുടെ അടയാളമായി, ഈസ്റ്റർ മുട്ടകൾ യേശുവിൻറെ പുനരുത്ഥാനത്തെ പ്രതീകപ്പെടുത്തുന്നു.

പുതുജീവിതത്തിന്റെയും പ്രത്യാശയുടെയും പ്രതീകമാണ് ഈസ്റ്റർ മുട്ട. മരണത്തെ ജയിച്ചു ജീവിതത്തിലേക്കുള്ള യേശുക്രിസ്തുവിന്റെ തിരിച്ചു വരവിനെ ഈസ്റ്റർ മുട്ട തയ്യാറാക്കിയാണ് വിശ്വാസികൾ ആഘോഷിക്കുക. ഈസ്റ്റർ കാലമായി കഴിഞ്ഞാൽ നിരത്തുകളിലും, കടകളിലുമെല്ലാം ഈസ്റ്റർ മുട്ടകൾ വിപണി കീഴടക്കും. പലതരം നിറങ്ങളിൽ അലങ്കരിച്ച ഈസ്റ്റർ മുട്ടകൾ ആഘോഷങ്ങൾക്ക് ഊഷ്മളതയും പകരുന്നു. നമ്മുടെ സുഹൃത്തുക്കൾക്കും, അയൽവാസികൾക്കുമെല്ലാം നാം ഈസ്റ്റർ മുട്ടകൾ സമ്മാനിക്കാറുണ്ട്. എന്നാൽ, ഇതിന് പിന്നിലെ അർത്ഥമോ, കഥയോ ഒന്നും ആരും ചിന്തിച്ചിട്ടില്ല. പലനാടുകളിൽ പല വിശ്വാസമാണ് ഈസ്റ്റർ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്.

Also Read:ഇന്ത്യയില്‍ മനുഷ്യാവകാശ ലംഘനങ്ങള്‍ കൂടുന്നുവെന്ന് അമേരിക്ക: കൃത്യ മറുപടി നൽകി ഇന്ത്യ

ഈസ്റ്റർ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികൾക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനിൽ 15 ആം നൂറ്റാണ്ടു മുതൽ തന്നെ ഈസ്റ്റർ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകൾ രാവിലത്തെ പ്രാർത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്ത്യാനികളുടെ ഇടയിലാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി തുടങ്ങിയത്. പിന്നീട് അതു മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകൾ അലങ്കരിക്കുന്നത് ആയിരക്കണക്കിനു വർഷം മുൻപു തന്നെ നിലവിലുണ്ടായിരുന്നു. ചായം പൂശിയ ചിക്കൻ മുട്ട ഉപയോഗിക്കണം എന്നതാണ് ഏറ്റവും പഴയ പാരമ്പര്യരീതി. എന്നാൽ, ആധുനിക രീതിയിൽ നിറമുള്ള ഫോയിൽ പേപ്പർ കൊണ്ട് പൊതിഞ്ഞ ചോക്ലേറ്റ് മുട്ടകൾ, കൈകൊണ്ട് നിർമ്മിച്ച തടിയിലുള്ള മുട്ടകൾ, ചോക്ലേറ്റ് നിറച്ച പ്ലാസ്റ്റിക് മുട്ടകൾ എന്നിവ ഇപ്പോൾ ഉപയോഗിച്ച് പോരുന്നു.

ഈസ്റ്റർ ദിനത്തിൽ രാവിലെ വീട്ടുകാർ മുട്ടകൾ കുട്ടികൾക്കായി ഒളിപ്പിച്ചുവയ്ക്കും. ഇതുപോലെ ഈസ്റ്റർ രാത്രിയിലെ ചടങ്ങുകൾക്കു ശേഷം ചില പള്ളികളിൽ ഈസ്റ്റർ മുട്ട ആശീർവദിച്ച് വിശ്വാസികൾക്കു വിതരണം ചെയ്യാറുമുണ്ട്. രണ്ടു വിധത്തിൽ ഈസ്റ്റർ മുട്ടകൾ ഉണ്ടാക്കാറുണ്ട്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ചു പുറന്തോട് ചായങ്ങൾ കൊണ്ടോ വരകൾ കൊണ്ടോ അലങ്കരിച്ച് ആകർഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റർ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തിൽ വന്നു. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓർമയ്ക്കായാണ് ചുവപ്പു മുട്ടകൾ ഉണ്ടാക്കുന്നത്.

അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിർപ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്. കുട്ടികളാണ് ഈസ്റ്റർ മുട്ടയുടെ ആരാധകർ. കുട്ടികൾക്കായി, ഒളിപ്പിച്ചു വയ്ക്കുന്ന മുട്ട തിരഞ്ഞു കണ്ടുപിടിക്കുന്ന ഈസ്റ്റർ എഗ് ഹണ്ട് പോലുള്ള കളികളുമുണ്ട്. ക്രിസ്മസിന്റെ രുചി കേക്ക് ആണെങ്കിൽ ഈസ്റ്ററിന്റെ കൗതുകമാണ് ഈസ്റ്റർ എഗ്‌സ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button